പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പരസ്യ വിചാരണ: 50 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ച് എട്ടുവയസുകാരി ഹൈക്കോടതിയിൽ
കൊച്ചി: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് പരസ്യവിചാരണയ്ക്കിരയായ പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകി. പിങ്ക് പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.ചെയ്യാത്ത തെറ്റിന്റെ പേരിൽ ‘കള്ളി” എന്ന് പരസ്യമായി വിളിച്ച് അപമാനിച്ചെന്നും പിതാവിനെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഇത് തങ്ങൾക്ക് കടുത്ത മാനസികപ്രയാസമുണ്ടാക്കി. മുതിർന്ന ഉദ്യോഗസ്ഥർക്കുൾപ്പെടെ പരാതി നൽകിയെങ്കിലും പൊലീസും സർക്കാരും കുറ്റക്കാരിയെ സംരക്ഷിക്കുകയാണെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും ഹർജിയിൽ പറയുന്നുണ്ട്.ആറ്റിങ്ങലിൽ വച്ചാണ് എട്ടുവയസുകാരിയെയും പിതാവിനെയും പിങ്ക് പൊലീസുദ്യോഗസ്ഥ രജിത പൊതുജനമദ്ധ്യത്തിൽ അപമാനിച്ചത്. ഒടുവിൽ രജിതയുടെ തന്നെ ബാഗിൽ നിന്നും ഫോൺ കണ്ടെത്തുകയായിരുന്നു.പിന്നീട് സംഭവത്തിൽ പട്ടികജാതി- പട്ടികവർഗ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. രജിതയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കാനും ഉത്തരവിട്ടു. കുറ്റക്കാരിയാണെന്ന് തെളിഞ്ഞതോടെ രജിതയെ സ്ഥലം മാറ്റുകയായിരുന്നു.