മേൽവിലാസക്കാരന് കൊടുക്കാതെ കത്ത് പൊട്ടിച്ച് വായിച്ചു; പോസ്റ്റുമാനും സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി
കണ്ണൂർ: മേൽവിലാസക്കാരന് കൊടുക്കാതെ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച പോസ്റ്റുമാനും പോസ്റ്റൽ സൂപ്രണ്ടിനുമെതിരെ ഒരു ലക്ഷം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി. താവക്കരയിലെ ടി വി ശശിധരൻ എന്ന ആർട്ടിസ്റ്റ് ശശികലയാണ് പരാതി നൽകിയത്. ചിറക്കൽ പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാനായിരുന്ന എം വേണുഗോപാൽ, പോസ്റ്റൽ സൂപ്രണ്ട് കെ ജി ബാലകൃഷ്ണൻ എന്നിവരാണ് പ്രതികൾ. 13 വർഷത്തെ നിയമപ്പോരാട്ടത്തിനൊടുവിലാണ് പരാതിക്കാരന് അനുകൂലമായ വിധി വന്നത്.2008 ജൂൺ 30 ന് പുതിയപുരയിൽ ഹംസ എന്ന മേൽവിലാസത്തിൽ ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്താണ് പ്രതികൾ പൊട്ടിച്ചു വായിച്ചത്. ശേഷം ആള് സ്ഥലത്തില്ലെന്ന് റിമാക്സ് രേഖപ്പെടുത്തി തിരിച്ചയയ്ക്കുകയായിരുന്നു. കരാറുകാരനായ ഹംസക്കുട്ടിയായിരുന്നു ശശിധരന്റെ വീട് നിർമ്മാണ ചുമതല ഏറ്റെടുത്തത്. പണം വാങ്ങിയിട്ടും കൃത്യസമയത്ത് പണി പൂർത്തിയാക്കാത്ത കാര്യം ചോദ്യം ചെയ്താണ് കത്തെഴുതിയത്.എന്നാൽ അത് പോസ്റ്റുമാനായ വേണുഗോപാൽ വായിച്ചിട്ട് ഹംസക്കുട്ടിയോട് പറഞ്ഞെന്നാണ് ആരോപണം. വീടും പുരയിടവും ഹംസക്കുട്ടി മറിച്ച് വിറ്റതും അതുകൊണ്ടാണെന്ന് ശശിധരൻ പരാതിയിൽ പറഞ്ഞിരുന്നു. ഇരുവർക്കുമെതിരെ ശശിധരൻ പരാതി നൽകിയയോടെ വകുപ്പുതല അന്വേഷണം നടത്തുകയും വേണുഗോപാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ, മൂന്ന് മാസത്തിന് ശേഷം അതേ പോസ്റ്റ് ഓഫിസിൽ നിയമനം നൽകുകയായിരുന്നു.തുടർന്ന്, പരാതിക്കാരൻ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. സാങ്കേതിക തടസമുന്നയിച്ച് അവർ കേസ് തള്ളിയതോടെയാണ് സംസ്ഥാന കമ്മീഷനെ സമീപിച്ച് സ്വന്തമായി കേസ് വാദിച്ചു. പ്രതികൾ 50000 രൂപ രണ്ട് മാസത്തിനകം നൽകണമെന്നാണ് ഉത്തരവ്. വൈകിയാൽ എട്ട് ശതമാനം പലിശ നൽകേണ്ടി വരും.