ദത്ത് വിവാദം വഴിത്തിരിവില്‍; അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉത്തരവ്
തിരികെയെത്തിക്കുന്ന കുഞ്ഞിന്റെ സംരക്ഷണം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കായിരിക്കും
തിരുവനന്തപുരം: പേരൂര്‍ക്കട സ്വദേശി അനുപമയുടെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദം വഴിത്തിരിവില്‍. അനുപമയുടെ കുഞ്ഞിനെ ആന്ധ്രാപ്രദേശില്‍ നിന്ന് അഞ്ചു ദിവസത്തിനകം തിരികെയെത്തിക്കാന്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ്. ഉത്തരവിന്റെ പകര്‍പ്പ് സമിതി അനുപമയ്ക്ക് കൈമാറി.
തിരികെയെത്തിക്കുന്ന കുഞ്ഞിന്റെ സംരക്ഷണം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കായിരിക്കും. കുഞ്ഞിനെ തിരികെ കിട്ടുന്നതില്‍ ഏറെ സന്തോഷമുണ്ട്. ഡി.എന്‍.എ പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനത്തോടെയോ അടുത്ത മാസമോ കുഞ്ഞിനെ തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു.
കുഞ്ഞിനെ അനധികൃതമായി ദത്ത് നല്കിയ ശിശുക്ഷേമ സമിതിക്കെതിരെ നടപടി വേണമെന്നും ഈ ആവശ്യത്തില്‍ സമരം തുടരുമെന്നും അനുപമ പറഞ്ഞു. ശിശുക്ഷേമ സമിതി ഭാരവാഹികള്‍ അവരുടെ ചുമതലകള്‍ക്ക് യോജിച്ചവരാണെന്ന് കരുതുന്നില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.