മോഡലുകൾ മരിച്ച ദിവസം സംശയകരമായി ചിലർ ഹോട്ടലിലുണ്ടായിരുന്നു, രജിസ്റ്ററിൽ വിലാസം രേഖപ്പെടുത്താത്തത് ഹോട്ടലുടമയുടെ നിർദ്ദേശപ്രകാരം; അന്വേഷണം ഇനി ആ വഴിക്കും
കൊച്ചി: മുൻ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ ദുരൂഹത തുടരുന്നു. ഇവർ താമസിച്ചിരുന്ന നമ്പർ 18 ഹോട്ടലിലെ 208, 218 നമ്പർ റൂമുകളിലുണ്ടായിരുന്നവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ, ഇവരുടെ പേരും വിലാസവും ഹോട്ടലിലെ രജിസ്റ്ററിൽ ചേർത്തിട്ടില്ല. ഇതാണ് പൊലീസിന്റെ സംശയം കൂടുതൽ ബലപ്പെടുത്തുന്നത്. ഹോട്ടലുടമ റോയിയുടെ സമ്മതത്തോടെയാണ് ഇവർ താമസിച്ചതെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മോഡലുകൾ നിശാപാർട്ടിയിൽ പങ്കെടുത്ത ദിവസവും ഇവർ മുറിയിലുണ്ടായിരുന്നതായി ഹോട്ടൽ ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഈ മുറികളിൽ ആരൊക്കെ വന്നുപോകുന്നുവെന്ന് മനസിലാക്കാൻ കഴിയുന്ന സിസി ടിവി ക്യാമറാദൃശ്യങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്.