ചില്ല് കൂട്ടിൽ പലഹാരത്തിനൊപ്പം ജീവനുള്ള എലിയും; വീഡിയോയിലാക്കി വിദ്യാർത്ഥികൾ, ഹോട്ടൽ പൂട്ടിച്ചു
കോഴിക്കോട്: പലഹാരങ്ങൾ സൂക്ഷിക്കുന്ന ചില്ല് കൂട്ടിൽ എലിയെ കണ്ടതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ബേക്കറി പൂട്ടിച്ചു. ജീവനുള്ള എലിയെയാണ് ചില്ല് കൂട്ടിൽ കണ്ടത്. കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ ഹോട്ട് ബൺസ് എന്ന ബേക്കറിയാണ് അടച്ചു പൂട്ടിയത്.ബേക്കറിയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളാണ് എലിയെ കണ്ടത്. തുടർന്ന് ഇവർ ഇതിന്റെ വീഡിയോ എടുത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറുകയായിരുന്നു. വീഡിയോ കണ്ടതിന് പിന്നാലെ ഭക്ഷ്യ സുരക്ഷാ സ്ക്വാഡ് ബേക്കറിയിൽ മിന്നൽ പരിശോധന നടത്തിഅടുക്കളയിലും എലിയുടെ വിസർജ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ഉദ്യോസ്ഥർ അറിയിച്ചു. ബേക്കറി തുറന്ന് പ്രവർത്തിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം വ്യക്തമാക്കി. കോഴിക്കോട് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണർ എം.ടി. ബേബിച്ചൻ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കി.