ശബരിമല ദര്‍ശനം: നാളെ മുതല്‍ സ്പോട്ട് ബുക്കിംഗ്
കൊച്ചി: ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട്ട് ബുക്കിംഗ് ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കോടതിയില്‍ അറിയിച്ചു. 10 ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് സൗകര്യമുണ്ടായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാം. ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐ.ഡി, പാസ്പോര്‍ട്ട് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. കോവിഡ് വാക്സിന് രണ്ട് ഡോസും സ്വീകരിച്ചവരായിരിക്കണം. വെര്‍ച്വല്‍ക്യൂവിന് പുറമേയാണ് ഈ സൗകര്യവും.
സ്പോട്ട് ബുക്കിംഗ് നടത്തുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും. വെര്‍ച്വല്‍ക്യു വഴിയുള്ള ബുക്കിംഗിനും പാസ്പോര്‍ട്ട് ഉപയോഗിക്കാന്‍ കഴിയുന്ന വിധം സോഫട്വേറില് മാറ്റം വരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ഇടത്താവളങ്ങളില്‍ അടക്കം സ്പോട്ട് ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരും ദേവസ്വം ബോഡും ആലോചിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. എവിടെയൊക്കെ സ്പോട്ട് ബുക്കിംഗ് സൗകര്യം ലഭ്യമാണെന്നത് മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വെര്‍ച്വല്‍ക്യൂവിന്റെ നിയന്ത്രണം ദേവസ്വത്തിന് കൈമാറണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു ഈ നിര്‍ദേശം.