സി പി ഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന് തുടക്കം
നീലേശ്വരം: സി പി ഐ എം നീലേശ്വരം ഏരിയാ സമ്മേളനത്തിന് തുടക്കം. രണ്ട് ദിവസങ്ങളിലായി കരിന്തളം തോളേനിയിലാണ് സി പി എം നീലേശ്വരം ഏരിയാ സമ്മേളനം നടക്കുന്നത്. മുതിർന്ന നേതാവ് പി.അമ്പാടി പതാക ഉയർത്തിയതോടെ സമ്മേളന ത്തിന് തുടക്കമായി. തുടർന്ന് ഗോപകുമാർ നെല്ലിയടുക്കം രചനയും ഉണ്ണി വീണാലയം സംഗീതവും നൽകി എസ് എഫ് ഐ ബാലസംഘം പ്രവർത്തകർ ആലപിച്ച സ്വാഗത ഗാനത്തോടെ സമ്മേളന പ്രതിനിധികളെ വരവേറ്റു. പാർട്ടി ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാർക്ക് വേണ്ടി മാത്രം രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റ് തുലക്കുകയാണ് കേന്ദ സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. പ്രകാശൻ രക്തസാക്ഷി പ്രമേയവും പാറക്കോൽ രാജൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി എം. രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നേതാക്കളായ കെ.പി. സതീഷ് ചന്ദ്രൻ , സി.എച്ച്. കുഞ്ഞമ്പു എം എൽ എ, എം. രാജഗോപാലൻ എം.എൽ.എ, വി.കെ. രാജൻ, സാബു അബ്രഹാം, വി.പി.പി. മുസ്തഫ, കെ.വി. കുഞ്ഞിരാമൻ, പി.ജനാർദനൻ എന്നിവർ പങ്കെടുത്തു. ടി.കെ.രവി സ്വാഗതം പറഞ്ഞു. സമ്മേളനം വ്യാഴാഴ്ച സമാപിക്കും