ഗോപിനാഥ് മുതുകാട് മാജിക് ഷോ അവസാനിപ്പിക്കുന്നു; ഇനിയുള്ള ജീവിതം അവർക്കായി, തന്റെ ലക്ഷ്യത്തെക്കുറിച്ച് മജീഷ്യൻ
തിരുവനന്തപുരം: ഗോപിനാഥ് മുതുകാട് മാജിക് ഷോ അവസാനിപ്പിക്കുന്നു. പ്രതിഫലം വാങ്ങിയുള്ള ജാലവിദ്യ പ്രകടനം ഇനിയില്ലെന്നും, പ്രൊഫഷണൽ മാജിക് ഷോ ഇനി നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു. നാലര പതിറ്റാണ്ട് നീണ്ട പ്രകടനമാണ് അവസാനിപ്പിക്കുന്നത്.സംസ്ഥാനത്തെ ഏറ്റവും ജനകീയനായ മജീഷ്യനാണ് വിരമിക്കുന്നത്. ഇനിയുള്ള ജീവിതം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മാറ്റിവയ്ക്കുമെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോട് ആയിരുന്നു വെളിപ്പെടുത്തൽ.ഭിന്നശേഷിക്കാരായ കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള അക്കാദമി സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാജിക് ഷോ അതിന്റെ പൂർണതയിലേക്ക് എത്തിക്കണമെങ്കിൽ നീണ്ട പഠനവും പരിശ്രമവും ആവശ്യമാണ്. എന്നാലിപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. രണ്ടും കൂടി നടക്കില്ല. അതിനാൽ ഇനി പ്രൊഫഷണൽ ഷോകൾ നടത്തില്ല.- അദ്ദേഹം പറഞ്ഞു.