സമൂഹമനസാക്ഷിയെയുണർത്തി യുവാഗ്നി പര്യടനം: കുടുംബശ്രീ കലാജാഥയ്ക്ക് കാഞ്ഞങ്ങാട്ട് സ്വീകരണം നൽകി
കാഞ്ഞങ്ങാട്: സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിന്റെ പ്രാധാന്യവും ആവശ്യകതയും ഓര്‍മ്മിപ്പിച്ച് യുവാഗ്നി കലാജാഥയ്ക്ക് ഹൊസ്ദുർഗിൽ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സ്വീകരണം നൽകി. കേരളത്തിലെ സ്ത്രീ യുവതയെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കുന്ന സ്ത്രീ ശാക്തീകരണ പരിപാടികളാണ് കേരള സർക്കാർ നടപ്പിലാക്കുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠൻ വ്യക്തമാക്കി.കലാ ജാഥയ്ക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുള്ള അധ്യക്ഷനായി.
. ഗാര്‍ഹിക പീഢനങ്ങള്‍ക്കെതിരെയും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും തൊഴില്‍രഹിതരായ യുവതികളുടെ പ്രശ്നങ്ങളും അവതരിപ്പിക്കുന്ന സ്കിറ്റ്, ഫ്ളാഷ് മോബ് എന്നിവയുമുള്ക്കൊള്ളിച്ചതാണ് കുടുംബശ്രീ ജില്ലാ മിഷന് തയ്യാറാക്കിയ കലാജാഥ. സര്‍ഗാത്മക വികസനവും സ്ത്രീമുന്നേറ്റവും അതിക്രമങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പും സ്കിറ്റില്‍ പ്രമേയമായി.. ഉദയന്‍ കുണ്ടംകുഴിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. കുടുംബശ്രീ ജില്ലാ മിഷന് ജീവനക്കാരാണ് ജാഥാംഗങ്ങള്‍. ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്, എ.ഡി.എം.സിമാരായ ഡി. ഹരിദാസ്, പ്രകാശന് പാലായി, സി.എച്ച്. ഇഖ്ബാല്‍ തുടങ്ങിയവരാണ് കലാജാഥക്ക് നേതൃത്വം നല്‍കുന്നത്.
കുടുബശ്രീ ജില്ല മിഷനിലെ ഉദ്യോഗസ്ഥകളും, ജില്ല പ്രോഗ്രാം കോ ഓഡിനേറ്റർമാർ. ബ്ലോക്ക് കോഓഡിനേറ്റർമാർ ,സ്നേഹിതയിലെ ഉദ്യോഗസ്ഥർ എന്നിവരാണ് 20 അംഗ കലാജാഥയിലെ അംഗങ്ങൾ
സ്വീകരണ കേന്ദ്രങ്ങളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.
നെഹ്റു കോളേജ് പടന്നക്കാട്, നീലേശ്വരം മാര്‍ക്കറ്റ്, എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷം ചെറുവത്തൂര്‍ ടൗണില്‍ സമാപിക്കും. സമാപന പരിപാടിയില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രമീള.സി.വി എന്നിവര്‍ പങ്കെടുക്കും.