കൊവിഡ് കാലത്ത് സമയത്ത് വാക്സിൻ നൽകിയ സർക്കാരിന് തലവേദനയായി പരാതിക്കാർ, പാർശ്വഫലങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പതിനായിരങ്ങൾ രംഗത്ത്
സിഡ്നി : കൊവിഡ് പ്രതിസന്ധിക്കിടെ സ്വന്തം പൗരൻമാർക്ക് എത്രയും വേഗം വാക്സിൻ എത്തിക്കുക എന്നതിനായിരുന്നു രാജ്യങ്ങൾ മുൻഗണന നൽകിയത്. ഇത്തരത്തിൽ വാക്സിൻ നൽകിയ ഓസ്ട്രേലിയൻ സർക്കാരിനെതിരെ പതിനായിരങ്ങളാണ് പരാതി നൽകാൻ ഒരുങ്ങുന്നത്. വാക്സിൻ എടുത്തതിലൂടെ പാർശ്വഫലങ്ങൾ ഏറ്റതിനാലാണ് ഇവർ നഷ്ടപരിഹാരം തേടി കേസ് നൽകുന്നത്. ഗവൺമെന്റിന്റെ നോഫാൾട്ട് ഇൻഡെംനിറ്റി സ്കീം പ്രകാരം കുറഞ്ഞത് 10,000 പേരെങ്കിലും കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ തയ്യാറെടുക്കുന്നതിനാൽ ഓസ്ട്രേലിയൻ ഗവൺമെന്റിന് വലിയ തുക നൽകേണ്ടിവരുമെന്ന് സിഡ്നി മോണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. വാക്സിൻ എടുത്ത ശേഷം ഒരു രാത്രിയെങ്കിലും ആശുപത്രിയിൽ ചിലവഴിക്കേണ്ടി വന്ന രോഗികൾക്ക് പരിരക്ഷ ലഭിക്കും. 20,000 ഡോളറിൽ കൂടുതലുള്ള ക്ലെയിമുകൾ, മരണ ക്ലെയിമുകൾ തുടങ്ങിയവ ഒരു സ്വതന്ത്ര നിയമ വിദഗ്ദ്ധരടങ്ങിയ പാനൽ വിലയിരുത്തുകയും അതിന് ശേഷം നഷ്ടപരിഹാരം നൽകുകയും ചെയ്യും.വാക്സിൻ ഉപയോഗിച്ചത് മൂലമുണ്ടായ അസുഖങ്ങൾക്ക് ഇതിലൂടെ ചികിത്സാ ചെലവും ലഭിക്കും. സ്ട്രോക്ക് അല്ലെങ്കിൽ ഹൃദയ വീക്കം പോലെയുള്ള അപൂർവമായ പാർശ്വഫലങ്ങൾ ഉണ്ടായ ആളുകൾക്ക് ഭീമമായ നഷ്ടപരിഹാരം ലഭിക്കുമെന്ന് റിപ്പോർട്ടിൽ അഭിഭാഷകർ പറയുന്നു. ഓസ്ട്രേലിയൻ സർക്കാരിന്റെ കണക്കുകൾ പ്രകാരം നവംബർ ഏഴ് വരെ 37.8 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകി. എന്നാൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് 78,880 പേരിലാണ് ആരോഗ്യ പ്രശ്നങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സർക്കാരിനെതിരെ നഷ്ടപരിഹാരം ക്ലെയിം ചെയ്യാൻ ആളുകളെ സഹായിക്കുന്ന വെബ്സൈറ്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിനകം 10,000 പേരെങ്കിലും ഇതിൽ രജിസ്റ്റർ ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.