വിവാഹത്തിന് മാസങ്ങൾ ശേഷിക്കെ പീഡനം, മോഡലായ യുവതിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായി പരാതി
കൊൽക്കത്ത: മോഡലായ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിത ഗർഭച്ഛിദ്രത്തിനിരയാക്കിയതായി പരാതി. വെസ്റ്റ് ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബാർ മാനേജർക്കെതിരെയാണ് പരാതി. കഴിഞ്ഞ ദിവസം യുവതി പരാതി നൽകിയെങ്കിലും ഇതുവരെയും പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.ഒന്നര വർഷം മുൻപ് യുവതിയും ബാർ മാനേജറായ യുവാവും സോഷ്യൽ മീഡിയ വഴിയാണ് സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഇരുവരുടെയും വീട്ടുകാർ നവംബർ ഇരുപത്തിയൊൻപതിന് കല്യാണം നിശ്ചയിക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ഓഗസ്റ്റിൽ യുവാവ് യുവതിയെ കല്യാണക്കാര്യങ്ങൾ ചർച്ചചെയ്യാനെന്ന പേരിൽ ആളൊഴിഞ്ഞ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് യുവതി ഗർഭിണിയാണെന്ന് അറിഞ്ഞ ഇയാൾ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിനിരയാക്കിയതായും പരാതിയിൽ പറയുന്നു. യുവതിയുമായി നിശ്ചയിച്ചിരുന്ന വിവാഹത്തിൽ നിന്നും ഇയാൾ പിൻമാറി. ഇയാളെ ഇനിയും പിടികൂടാനായിട്ടില്ല.