എല്‍.ജെ.ഡിയില്‍ പിളര്‍പ്പ്; ശ്രേയാംസ് കുമാറുമായി യോജിച്ച് പോകാനാവില്ല, ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗം
കോഴിക്കോട്: ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പ്. സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കുമാറിന്റെ നീക്കങ്ങളാണ് എല്‍.ജെ.ഡിക്ക് മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് കാരണമെന്ന് ഒരു വിഭാഗം ആരോപിച്ചു. ശ്രേയാംസ് കുമാറുമായി യോജിച്ചു പോകാനാവില്ലെന്ന് മുഖ്യമന്ത്രിയെ ഇവര്‍ അറിയിച്ചിട്ടുണ്ട്.
ശ്രേയാംസ് കുമാറിനെ അംഗീകരിക്കാനാവില്ലെന്ന നിലപാടുള്ളവര്‍ ഇന്ന് സംസ്ഥാന ഭാരവാഹി യോഗം ചേരും.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി. ഹാരിസിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. സംസ്ഥാന ഭാരവാഹി യോഗമാണ് ചേരുന്നത്. ദേശീയ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല.
അതേസമയം, നേതാക്കളോട് ഒന്നിച്ചുപോകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രശ്നത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. തര്‍ക്കം കൂടുതല്‍ രൂക്ഷമായാല്‍ മാത്രമേ നേതൃതലത്തിലുള്ള ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുള്ളു.
ജെ.ഡി.എസുമായി സഖ്യം ചേരാന്‍ എല്‍.ജെ.ഡിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് തയ്യാറായിരുന്നില്ല. എല്‍.ജെ.ഡിയുക്കുള്ളിലെ തര്‍ക്കവും ജെ.ഡി.എസുമായി സഖ്യം ചേരാന്‍ തയ്യാറാവാതിരുന്നതുമാണ് മന്ത്രിസ്ഥാനം ലഭിക്കാതെ പോയതിന് കാരണമെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു