മുതിർന്ന നേതാക്കളുടെ അതൃപ്തി,കൂടിയാലോചന നടത്തി പ്രശ്നം പരിഹരിക്കുമെന്ന് വി ഡി സതീശൻ
കോഴിക്കോട്: കോൺഗ്രസിലെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതിശൻ. നേതാക്കളുമായി കൂടിയാലോചിച്ച് പ്രശ്നം പരിഹരിക്കുമെന്നും, ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്നവർ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കെ പി സി സി പുനഃസംഘടനയിൽ അതൃപ്തി അറിയിക്കാൻ ഉമ്മൻചാണ്ടി ഡൽഹിയിലേക്ക് പോയതിന് പിന്നാലെയാണ് സതീശന്റെ പരാമർശം. പുനഃസംഘടനയെക്കുറിച്ച് പരാതിയുള്ളതായി അറിയില്ലെന്നും, മുതിർന്ന നേതാക്കളുമായി ആലോചിച്ച ശേഷം മാത്രമേ മുന്നോട്ടുപോകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.പാർട്ടി അംഗത്വ വിതരണം ഡിസംബറിൽ അവസാനിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കെ പി സി സി അദ്ധ്യക്ഷനെക്കുറിച്ചുള്ള പരാതി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം കോഴിക്കോട് മാദ്ധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് കെ പി സി സിയ്ക്ക് കിട്ടുമെന്നും, അതിനുശേഷം നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ.
മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സതീശൻ ആരോപിച്ചു. അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.