മുക്കുപണ്ടം വയ്ക്കാൻ ആരെങ്കിലും ലോക്കറെടുക്കുമോ ? വിജിലൻസ് എത്തിയപ്പോൾ മുൻ എസ് പിയുടെ ലോക്കറിൽ മുക്കുപണ്ട ശേഖരം, തിരിമറിയെന്ന് സംശയം
കൊച്ചി: ലോക്കറിൽ പ്രതീക്ഷിച്ചത് പണവും സ്വർണവും, കിട്ടിയത് അസൽ മുക്കുപണ്ടം! ഇടുക്കി റിട്ട. എസ്.പി ബി. വേണുഗോപാൽ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിജിലൻസ് കേസന്വേഷണത്തിനിടെയാണ് ലോക്കറിൽ 26 പവൻ മുക്കുപണ്ടം കണ്ടെത്തിയത്. കടവന്ത്രയിലെ ഒരു ബാങ്കിൽ വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സംഭവം. സ്വർണം മാറ്റി മുക്കുപണ്ടം പകരം വച്ചതാകാമെന്നാണ് വിലജിൻസ് കരുതുന്നത്. വേണുഗോപാലിന്റെ ഭാര്യയുടെ പേരിലാണ് ലോക്കർ. 18 ലക്ഷം രൂപയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ.മുൻ എസ്.പി മുക്കുപണ്ടം ലോക്കറിൽ സൂക്ഷിച്ചതിന്റെ കാരണമാണ് വിജിലൻസ് തേടുന്നത്. വേണുഗോപാലിന്റെ ഭാര്യയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വിജിലൻസ് സംഘം വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തിയതായാണ് വിവരം. ചില രേഖകൾ പിടിച്ചെടുത്തതായും അറിയുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചതിന് തൊട്ടുപിന്നാലെ വേണുഗോപാലിന്റെ കുണ്ടന്നൂർ വികാസ് നഗറിലെ വീട്ടിൽ വിജിലൻസ് റെയ്ഡ് ചെയ്ത് 57 രേഖകൾ പിടിച്ചെടുത്തിരുന്നു. ബാങ്ക് അക്കൗണ്ട് രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എന്നിവയാണ് പിടിച്ചെടുത്തത്.ഇവ പരിശോധിച്ചതിന് ശേഷമാണ് ബാങ്ക് ലോക്കറുകൾ തുറക്കാൻ ഉദ്യോഗസ്ഥർ എത്തിയത്. 2006 മുതൽ 2016 വരെയുള്ള കാലയളിൽ വരുമാനത്തിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചതായാണ് വിലയിരുത്തൽ. ഈ സമയത്തെ അക്കൗണ്ട് ട്രാൻസാക്ഷൻ വിവരങ്ങൾ വിജിലൻസ് പരിശോധിക്കുന്നുണ്ട്. പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെന്ന ആരോപണം നേരിടുന്നവരെ കുറിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച രഹസ്യ വിവരത്തിൽ വേണുഗോപാലിന്റെ പേരും അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ വിവരങ്ങളുമുണ്ടായിരുന്നു. വിജിലൻസ് എറണാകുളം സ്പെഷ്യൽ യൂണിറ്റാണ് കേസന്വേഷിക്കുന്നത്.