കോടതിമുറിക്കുള്ളില്‍ പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി
തിരുവനന്തപുരം: കോടതി നടപടികള്‍ തുടരുന്നതിനിടെ കോടതിമുറിയില്‍ നിന്ന് പോലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയി. കോടതിക്കുള്ളിലായതിനാല് കള്ളനു പിന്നാലെ പോകാന്‍ കഴിയാതെ പോലീസുകാരനും.
തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിവീജ രവീന്ദ്രന് കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് തസ്കര വീരന്റെ മോഷണം. കോടതി മുറിയില്‍ ഡ്യുട്ടിയിലുണ്ടായിരുന്ന പേട്ട പോലീസ് സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ജി ഷൈനിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. 18,000 രൂപ വില മതിക്കുന്നതാണ് ഫോണ്‍.
പെറ്റി കേസുകളുടെ ഫയല്‍ എടുക്കാനായി കോടതി ഓഫീസിലേക്ക് പോയി മടങ്ങിവന്നപ്പോഴാണ് ഫോണ്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതിനകം മൊബൈല്‍ ഫോണ്‍ മോഷ്ടാവ് സ്വിച്ച് ഓഫ് ചെയ്തിരുന്നു. ഫോണ്‍ കണ്ടെത്താന്‍ പോലീസുകാരന് നടത്തിയ ശ്രമങ്ങളും ഇതോടെ വിഫലമായി.
കോടതി ഡ്യുട്ടിയില്‍ ആയതിനാല്‍ പുറത്തേക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഫോണ്‍ നഷ്ടപ്പെട്ട വിവരം ഉടന്‍തന്നെ പോലീസില്‍ അറിയിക്കാനും പോലീസുകാരന് കഴിഞ്ഞില്ല. കോവിഡ് നിയന്ത്രണങ്ങള്ക്ക്് ശേഷം കേസ് പരിഗണിക്കുമ്പോള്‍ പ്രതികളെ കോടതിക്കുള്ളില്‍ പ്രവേശിപ്പിക്കാന്‍ അനുമതിയായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്.