കാസർകോട്: തളങ്കര തീരദേശ പൊലീസ് സ്റ്റേഷൻ പരിസരം മുതൽ നെല്ലിക്കുന്ന് വരെയുള്ള പുഴ -കടലോരങ്ങളിൽ ഭൂമി വ്യാപകമായി മണ്ണിട്ട് നികത്തി കൈയ്യേറുന്നു. സംഭവം ശ്രദ്ധയിൽപെട്ടിട്ടും റവന്യു അധികൃതർ കയ്യേറ്റക്കാർക്ക് ഒത്താശചെയ്യുന്നതായി ആരോപണം.കടലോര സംരക്ഷണത്തിനും കടൽതീരം ശുചീകരണത്തിനും നിരവധി പരിപാടികളും നിയമങ്ങളും നടപ്പാക്കുമ്പോഴാണ് നിയന്ത്രണങ്ങളില്ലാതെ ലോഡുകണക്കിന് മണ്ണും കെട്ടിട അവശിഷ്ടങ്ങളും തള്ളി തണ്ണീർതടം പൂർണമായും നികത്തുന്നത്.
തളങ്കര തീരദേശ പൊലീസ് സ്റ്റേഷൻ വളപ്പിലും ഫിഷറീസ് വകുപ്പിന്റെ പഴയ ലേലഹാളിനും സമീപമാണ് കടലോരത്തെ തണ്ണീർതടം നികത്തുന്നത്. തൊട്ടടുത്ത് തീരദേശ പൊലീസ് സ്റ്റേഷനുണ്ടായിട്ടും മാലിന്യം തള്ളുന്നവരെ പിടികൂടാൻ ശ്രമിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. സ്റ്റേഷന്റെയും തളങ്കര പടിഞ്ഞാർ ഗവ. എൽപി സ്കൂളിന്റെ പിറകിലായി കടലോരം നികത്താൻ തുടങ്ങിയിട്ട് നാളുകളേറെയായി.
ലേല ഹാളിന് സമീപം കാടുപിടിച്ച് കിടക്കുന്ന സ്ഥലങ്ങളിലെല്ലാം കോൺക്രീറ്റ് സ്ലാബുകളും ടൈൽസ് മാലിന്യങ്ങളും കൂട്ടിയിട്ടിട്ടുണ്ട്. തീരദേശ പൊലീസ് സ്റ്റേഷന്സമീപത്തെ പലരുടെയും വീടുകൾ പൊളിച്ചുകളഞ്ഞപ്പോഴുള്ള കെട്ടിട മാലിന്യവും തെങ്ങ് മുറിച്ചുകളഞ്ഞ് അവയുടെ അവശിഷ്ടങ്ങളും നിക്ഷേപിച്ചിട്ടുണ്ട്. കടലോരത്ത് വെള്ളം കെട്ടിനിൽക്കുന്നയിടങ്ങളിൽ ഇത്തരത്തിലുള്ള മാലിന്യങ്ങളും മണ്ണുമിട്ട് ഭൂമി കൈയേറാനുള്ള നീക്കം നടക്കുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടാണ് റവന്യു അധികാരികളുടേത്.
സ്ഥലത്തെ കടവിൽ മണൽ ശേഖരിക്കാനെത്തുന്ന ലോറികളിലാണ് കെട്ടിട അവശിഷ്ടങ്ങൾ കൊണ്ടുവരുന്നത്. ഇതിനുപുറമെയാണ് ലോഡുകണക്കിന് മണ്ണും കൊണ്ടുവന്ന് വെള്ളക്കെട്ടുള്ള ഭാഗം നികത്തിയെടുക്കുന്നത്. തീരദേശ പരിപാലന നിയമം നിലനിൽക്കെ കെട്ടിടങ്ങൾ നിർമിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെങ്കിലും ഇവിടെ അനധികൃത കെട്ടിടങ്ങളും അനുദിനം ഉയരുകയാണ്