വൈ എം സി എ പോലുള്ള സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പ്രസക്തിയേറുന്നു: മോണ്‍സിഞ്ഞോര്‍ ജോസഫ് ഒറ്റപ്ലാക്കല്‍
കാഞ്ഞങ്ങാട്: അപ്രതീക്ഷിതമായ പ്രളയം, ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിദുരന്തങ്ങളും കൊവിഡും നിപയുംപോലെയുള്ള വൈറസുകളും മനുഷ്യകുലത്തിന് ഭീഷണിയും നാശവും വിതയ്ക്കുമ്പോള് വൈ എം സി എ പോലുള്ള സന്നദ്ധ, ജീവകാരുണ്യ സംഘടനകളുടെ പ്രസക്തിയേറുകയാണെന്ന് തലശ്ശേരി അതിരൂപതാ വികാരി ജനറാളും ഇന്‍ഫാം ദേശീയ അധ്യക്ഷനുമായ മോണ്‍സിഞ്ഞോര്‍ ജോസഫ് ഒറ്റപ്ലാക്കല്‍ അഭിപ്രായപ്പെട്ടു.
കാഞ്ഞങ്ങാട് വൈ.എം.സി.എയുടെ 2021-22 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോണ്‍സിഞ്ഞോര്‍ ഒറ്റപ്ലാക്കല്‍. ദുരന്തങ്ങളില്‍പെട്ട് വലയുന്നവര്ക്ക്ആശ്വാസവുമായി മനുഷ്യസ്നേഹികള്‍ പരസ്പരം കൈകോര്‍ത്ത കാഴ്ച മാനുഷിക മൂല്യങ്ങള്‍ ഉയര്ത്തികാട്ടിയെന്നും അദ്ദേഹം പറഞ്ഞു.
വൈ.എം.സി.എ പ്രസിഡണ്ട് ചാണ്ടി കൈനിക്കര അധ്യക്ഷം വഹിച്ചു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹ ഫൊറോന പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് കുന്നേല്‍ അനുഗ്രഹ പ്രഭാഷണവും വൈ.എം.സി.എ കാസര്‍കോട് സബ്ബ് റീജിയണ്‍ ജനറല്‍ കണ്‍വീനര്‍ സിബി വാഴക്കാല ആമുഖ പ്രഭാഷണവും നടത്തി. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണത്തിന് കാസര്‍കോട് സബ്ബ് റീജിയണ്‍ ചെയര്മാന് ടോംസണ്ടോമും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിന് വൈ.എം.സി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിയംഗം മാനുവല്‍ കുറിച്ചിത്താനവും നേതൃത്വം നല്കി. ജീവകാരുണ്യപ്രവര്‍ത്തകന്‍ എം. അശോകനെ വൈസ്മെന്‍സ് ഇന്റര്‍ നാഷണല്‍ ട്രഷറര്‍ ടി.എം. ജോസ് ആദരിച്ചു. എം.ബി.ബി.എസ് പരീക്ഷയില്‍ പത്താംറാങ്ക് നേടി വിജയിച്ച ഡോ.ഗ്ലാഡിസ് ആന്റോയേയും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളേയും ചടങ്ങില്‍ ആദരിച്ചു. ‘ഒരു വീട്ടില്‍ ഒരു മരം’ പദ്ധതിയില്‍ വൈ.എം.സി.എ അംഗങ്ങള്‍ക്കുള്ള വൃക്ഷത്തൈകളുടെ വിതരണോദ്ഘാടനം ആന്റോ പടയാട്ടി നിര്‍വ്വഹിച്ചു. കെ.എ.സെബാസ്റ്റ്യന്‍, കെ.ടി.ജോഷിമോന് എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സജി പനമറ്റം സ്വാഗതവും ചാക്കോ ജോസഫ് പുതുമന നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ബാലചന്ദ്രന് കൊട്ടോടിയുടെ വണ്‍മാന്‍ഷോയും അരങ്ങേറി.
ഭാരവാഹികള്‍: ചാണ്ടി കൈനിക്കര (പ്രസിഡണ്ട്), കെ.എ.സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡണ്ട്), സജി പനമറ്റം (സെക്രട്ടറി), സിനോജ് മഠത്തിനാത്ത് (ജോയിന്റ് സെക്രട്ടറി), മാനുവല്‍ കുറിച്ചിത്താനം (ട്രഷറര്‍).