കോടികളുടെ തട്ടിപ്പ്: ഉപ്പള വ്യാപാര ഭവൻ വ്യാപാരികൾ അടച്ചുപൂട്ടി
മഞ്ചേശ്വരം: പിഗ്മി, ചിട്ടി സ്കീമുകളിൽ നിക്ഷേപിച്ച പണം വ്യാപാരി നേതാക്കൾ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചുനൽകാത്തതിനെത്തുടർന്ന് ഉപ്പള വ്യാപാര ഭവൻ, നിക്ഷേപകരായ വ്യാപാരികൾ അടച്ചുപൂട്ടി.
തിങ്കളാഴ്ച രാവിലെ 11നാണ് മുപ്പതോളം വരുന്ന വ്യാപാരികൾ വ്യാപാര ഭവന് താഴിട്ടുപൂട്ടിയത്. പൊലീസ് വലയം ഭേദിച്ചാണിത്. യൂനിറ്റ് പ്രസിഡൻറ് അടക്കമുള്ള നേതാക്കളാണ് പണം തട്ടിപ്പ് നടത്തിയതിന് പിന്നിലെന്നാണ് വ്യാപാരികൾ ആരോപിക്കുന്നത്.
കഴിഞ്ഞ രണ്ട് വർഷമായി ഇവർ മറ്റ് പല ആവശ്യങ്ങൾക്കുമായി ഈ പണം ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. പണം തിരികെ കിട്ടുന്നതുവരെ ഓഫിസ് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് വ്യാപാരികൾ. വി.പി. മഹാരാജ, കെ.എഫ്. ഇഖ്ബാൽ, സാദിഖ് ചെറുഗോളി, ഹമീദ് മദനകോടി, മെഹമൂദ് കൈക്കമ്പ, അബ്ദുൽ റഹ്മാൻ, മുഹമ്മദ് ഹനീഫ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.