മരണാനന്തര ചടങ്ങ് ഒഴിവാക്കി ജീവകാരുണ്യത്തിന് സഹായധനം നൽകി കൊപ്പലിലെ കുടുംബം
പാലക്കുന്ന് : മരണാനന്തര ചടങ്ങിന് ചെലവാകുമായിരുന്ന’പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പ്രാദേശിക കൂട്ടായ്മകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നൽകി കൊപ്പലിലെ കുടുംബം.അധ്യാപകർക്കുള്ള ദേശീയ പുരസ്കാര ജേതാവ് കണ്ടത്ത് വളപ്പിൽ കെ.വി. കരുണാകരൻ മാസ്റ്ററുടെ കുടുംബത്തിൽ ആര് മരണപ്പെട്ടാലും മരണാനന്തര ചടങ്ങും തുടർന്നുള്ള ഊട്ടും നടത്തുന്ന പതിവില്ല. ശവ സംസ്ക്കാരം കഴിയുന്നതോടെ അനുശോചനം രേഖപ്പെടുത്തി പിരിയുന്നതാണ് രീതി. ഈയിടെ സഹോദരി മരണപ്പെട്ടപ്പോഴും പതിവ് രീതിയിൽ മാറ്റമുണ്ടായില്ല. സഞ്ചയനവും തുടർന്നുള്ള ചടങ്ങുകളും ഒഴിവാക്കി.ഏതാനും വർഷം മുൻപ് മരുമകനും പതിറ്റാണ്ട് മുൻപ് ജേഷ്ഠനും മരണപ്പെട്ടപ്പോൾ ഇതേ രീതിയായിരുന്നു. സെപ്റ്റംബറിൽ മരിച്ച കെ.വി. ചിരുതയുടെ മക്കളും സഹോദരങ്ങളും ചേർന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപയാണ് കൊപ്പൽ റെഡ് വേൾഡ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കൈമാറിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സഹോദരൻ കരുണാകരൻ മാസ്റ്റർ സി.എച്ച്. കുഞ്ഞമ്പു എം.എൽ. എ. യ്ക്ക് കൈമാറി. കൊപ്പൽ റെഡ് വേൾഡ് ക്ലബ്ബിന്റെ ചാരിറ്റി ഫണ്ടിലേക്ക് 20,000 രൂപയും, പടിഞ്ഞാർക്കര പ്രാദേശിക സമിതിക്ക് 10,000 രൂപയും പരവനടുക്കം വൃദ്ധ സദനത്തിലേക്ക് 5000 രൂപയും പ്രദേശത്തെ മൂന്ന് പേരുടെ ചികിത്സ ചെലവിലേക്ക് 5000 രൂപ വീതവും ഇതേ വേദിയിൽ വെച്ച് നൽകി കണ്ടത്ത് വളപ്പിൽ കുടുംബം വേറിട്ട ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി. ഏതാനും വർഷം മുൻപ് മരിച്ച മരുമകൻ സി.എം. രവീന്ദ്രന്റെ ഭാര്യയും 10000 രൂപ ചാരിറ്റി ഫണ്ടിലേക്ക് നൽകി.റെഡ് വേൾഡ് ചാരിറ്റി പ്രസിഡന്റ് രമേശൻ കൊപ്പൽ അധ്യക്ഷനായി. കെ. വി. കരുണാകരൻ, കെ.വി. കുമാരൻ, മുൻ എം. എൽ. എ. കെ.വി. കുഞ്ഞിരാമൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, വാർഡ് അംഗം പി. കെ. ജലീൽ, കെ. പീതാബരൻ, ക്ലബ് പ്രസിഡന്റ് കെ. കമേഷ്, സെക്രട്ടറി വി.വി. സച്ചിൻ, ജിജിത് കൊപ്പൽ എന്നിവർ പ്രസംഗിച്ചു