രേഖകളില്ലാതെ അഞ്ച് കോടി വിലയുള്ള വാച്ചുകൾ കടത്തി; ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി
മുംബയ്: അഞ്ചു കോടി വില വരുന്ന രണ്ട് ആഡംബര വാച്ചുകളുമായെത്തിയ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയെ കസ്റ്റംസ് പിടികൂടി. ട്വന്റി ട്വന്റി ലോകക്കപ്പ് കഴിഞ്ഞ് ഞായറാഴ്ച ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വാച്ചുകൾ സംബന്ധിച്ച ശരിയായ രേഖകൾ ഹർദിക്കിന്റെ പക്കലില്ലായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. എന്നാൽ മുംബയ് വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താൻ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹർദിക് ട്വീറ്റിൽ കുറിച്ചത്. അവർ നിർദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹർദിക് വ്യക്തമാക്കി.രണ്ടു വാച്ചുകൾക്കും കൂടി അഞ്ച് കോടിരൂപ വില വരുമെന്ന് കസ്റ്റംസ് അധികൃതർ പറയുന്നു. അതേസമയം, ഒരു കോടി എൺപത് ലക്ഷം രൂപ വിലയുള്ളതാണ് വാച്ചുകളെന്നാണ് പാണ്ഡ്യ പറയുന്നത്.ദുബായിൽ നിന്ന് നിയമവിധേയമായി ഞാൻ വാങ്ങിയവയാണ് എല്ലാം. അതിൽ ഇവിടെ കസ്റ്റംസ് ഡ്യൂട്ടിയായി എത്ര തുകയാണ് അടയ്ക്കേണ്ടത് എങ്കിലും തയ്യാറാണ്. വസ്തുക്കളുടെ എല്ലാം പർച്ചേസ് രേഖകൾ കസ്റ്റംസ് ആരാഞ്ഞു. അതെല്ലാം നൽകിയിട്ടുണ്ട് എന്നും ഹർദിക് പ്രസ്താവനയിൽ പറയുന്നു. കൂടുതൽ അന്വേഷണങ്ങൾക്കായി വാച്ചുകൾ കസ്റ്റംസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്.