സഞ്ജിത്തിനെ കൺമുന്നിലിട്ട് വെട്ടിയതിന്റെ ഞെട്ടൽ ഇപ്പോഴും മാറാതെ ഭാര്യ അർഷിക, അവസാന നിമിഷം വരെയും ജീവിതപ്പാതി തിരികെ വരുമെന്ന് പ്രതീക്ഷിച്ചു
പാലക്കാട്: കഴിഞ്ഞ ദിവസം സ്വന്തം കൺമുന്നിൽ വെട്ടേറ്റു വീണ ഭർത്താവിന്റെ നിലവിളിയുടെ ഞെട്ടലിലാണ് ഇപ്പോഴും അർഷിക. ഇരുവരും ഒന്നിച്ച് സന്തോഷത്തോടെ അർഷികയുടെ വീട്ടിൽ നിന്നും പുറപ്പെടുന്ന സമയത്താണ് അപ്രതീക്ഷിതമായി സഞ്ജിത്തിനെ ഒരു കൂട്ടം യുവാക്കൾ ചേർന്ന് ആക്രമിച്ചത്. അവിടെ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോഴെല്ലാം ഓരോ നിമിഷത്തിലും പ്രാർത്ഥനയോടെയാണ് അർഷിക കഴിഞ്ഞത്. എത്രയും പെട്ടന്ന് തന്റെ പ്രിയപാതി ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു.വിവരമറിഞ്ഞ് എലപ്പുള്ളി വീട്ടിലേക്ക് കടന്നു വന്നവരുടെയെല്ലാം നെഞ്ചുപിളർത്തിയതും ആ കാഴ്ചയായിരുന്നു. കാണുന്നവരോടൊല്ലാം ഭർത്താവിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചുകൊണ്ടേയിരുന്നു. സഞ്ജിത്തിന്റെ ശ്വാസം നിലച്ച വിവരം വൈകിയറിഞ്ഞ ആളും അർഷികയാണ്. വൈകിട്ട് ആറരയോടെ സഞ്ജിത്തിന്റെ മൃതദേഹം എത്തിച്ചതോടെ അലമുറയിട്ട് കരയുന്ന അർഷികയും മറുവശത്ത് ഒന്നു മറിയാതെയുള്ള കളിക്കുന്ന ഒമ്പത് മാസം പ്രായമുള്ള കുഞ്ഞും കണ്ടുനിന്നവർക്കെല്ലാം പൊള്ളുന്ന കാഴ്ചയായി. സ്വന്തം കൺമുന്നിലിട്ട് തലങ്ങും വിലങ്ങും വെട്ടിയതിന്റെ വേദനയാണ് കാണുന്ന ഓരോരുത്തരോടും അർഷിക കരഞ്ഞു പറയുന്നത്.ഏതാണ്ട് മുപ്പതിൽ അധികം വെട്ടുകളാണ് സഞ്ജിത്തിന്റെ ദേഹത്തുണ്ടായിരുന്നത്. അർഷികയെ മാറ്റി നിറുത്തിയ ശേഷമായിരുന്നു സഞ്ജിത്തിനെ വെട്ടിയത്. ഒടുവിൽ മരണം ഉറപ്പാക്കിയ ശേഷമായിരുന്നു അക്രമികൾ മടങ്ങിയതും.