ക്യാഷ് അവാർഡില്ലാത്ത വെറും സോപ്പുപെട്ടിക്ക് വേണ്ടി അഞ്ചാറുമണിക്കൂറുകൾ കാത്തിരിക്കാൻ വയ്യ; കിട്ടിയ അവാർഡ് വേണ്ടെന്ന് വച്ച് ഹരീഷ് പേരടിയുടെ മാസ് ഡയലോഗ്
സിനിമാതാരങ്ങളുടെ അവാർഡ് വാർത്തയും അവാർഡ് ദാന കാഴ്ചയുമെല്ലാം ആരാധകർക്ക് സന്തോഷം നൽകാറുണ്ട്. വലിയ അവാർഡ് നിശകളിൽ താരങ്ങൾ വരുമ്പോൾ അത് കാണാനായി തടിച്ചുകൂടുന്നവരും ചില്ലറയല്ല. എന്നാൽ, മുൻനിര അവാർഡുകളല്ലാത്തവയെ പലരും നിരസിക്കാറാണ് പതിവ്. അതിന് പിന്നിൽ ചില ‘പ്രധാനകാരണ”ങ്ങളുമുണ്ടാകും.ഇപ്പോഴിതാ, ഹരീഷ് പേരടി തന്റെ അഭിനയത്തിന് തെലുങ്ക് മാഗസിൻ നൽകിയ അവാർഡ് നിരസിച്ചതും അത് നിരസിക്കാനുണ്ടായ കാരണവും രസകരമായി എഴുതിയിരിക്കുകയാണ്. അവാർഡുകൾ കിട്ടുമ്പോൾ മാത്രമല്ല അത് വേണ്ടെന്ന് വയ്ക്കുമ്പോഴും പ്രേക്ഷകർ അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു. കൂടാതെ, മലയാളികൾക്ക് തോന്നാത്ത തോന്നൽ തെലുങ്കർക്ക് ഉണ്ടായതിലുള്ള നന്ദിയും ഹരീഷ് പേരടി പങ്കുവച്ചു.’ ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും ചേർന്ന് നടത്തുന്ന അവാർഡ് നിശയിലേക്ക് 2019 ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ചമുമ്പ് ഒരു ദൂതൻ വഴി എന്നെ അറിയിച്ചിരുന്നു…ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു…അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും..ആശംസകൾ…ക്യാഷ് അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു…ഇത് നിങ്ങളെ അറിയിക്കാൻ കാരണം അവാർഡുകൾ കിട്ടുമ്പോൾ മാത്രമല്ല അത് വേണ്ടെന്ന് വയ്ക്കുമ്പോഴും നിങ്ങൾ അറിയണമെന്ന് തോന്നി…അതുകൊണ്ട് മാത്രം…എന്തായാലും കൃത്യമായി ശമ്പളം തന്ന നിർമ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തൻസീർ മുഹമ്മദിനും മലയാളികൾക്ക് തോന്നാത്ത തോന്നൽ ഉണ്ടായ സുമൻ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി… ” അവാർഡിനർഹനാക്കിയ ചിത്രത്തിലെ ഒരു ഭാഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം ഈ കുറിപ്പ് പോസ്റ്റ് ചെയ്തത്.