കഴിച്ചത് ഇഡ്ഡലി മാത്രം, ബില്ലിൽ സമൂസയും; പ്രകോപിതനായ യുവാവ് ഹോട്ടലുടമയെ തല്ലിക്കൊന്നു
ചെന്നൈ: ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടലുടമയെ തല്ലിക്കൊന്നു. കഴിക്കാത്ത സമൂസയുടെ തുക ബില്ലിൽ എഴുതിച്ചേർത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ കണ്ണൻ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മധുര കെ പുദൂർ ഗവൺമെന്റ് ടെക്നിക്കൽ ട്രെയിനിംഗ് കോളേജിന് സമീപത്തെ ഹോട്ടലിലാണു സംഭവം.ഹോട്ടലിലെത്തി യുവാവ് ഇഡ്ഡലിയാണ് കഴിച്ചത്. എന്നാൽ ബില്ലിൽ സമൂസയുടെ തുകയും ഹോട്ടലുടമ മുത്തുകുമാർ രേഖപ്പെടുത്തിയിരുന്നു. താൻ സമൂസ കഴിച്ചിട്ടില്ലെന്ന് കണ്ണൻ പറഞ്ഞെങ്കിലും, കള്ളം പറയരുതെന്നായിരുന്നു മുത്തുകുമാറിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മിൽ തർക്കമായി.തർക്കത്തിനൊടുവിൽ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന തടിക്കഷണമെടുത്ത് കണ്ണൻ മുത്തുകുമാറിനെ ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവച്ച് തന്നെ ഇയാൾ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്കു മാറ്റി.