വാക്സിൻ എടുക്കാത്തവർക്ക് ഇനി മുതൽ റേഷനും പാലുമില്ല, ഏതു വിധേനയും വാക്സിൻ എടുപ്പിക്കുക എന്ന ലക്ഷ്യവുമായി സർക്കാർ
ഭോപാൽ: വാക്സിനേഷൻ റേറ്റ് തീരെ കുറഞ്ഞ സംസ്ഥാനമായ മദ്ധ്യപ്രദേശിൽ ജനങ്ങളെ കൊണ്ട് എതു വിധേനയും വാക്സിൻ എടുപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ജനങ്ങൾക്കിടയിൽ വാക്സിനേഷൻ ബോധവത്കരണം നടത്തുന്നതിന് വേണ്ടി സർക്കാരിനു കീഴിലുള്ള റേഷൻ കടകളേയും മറ്റ് സഹകരണ സ്ഥാപനങ്ങളേയും ആശ്രയിക്കുകയാണ് ശിവ്രാജ് സിംഗ് ചൗഹാന്റെ നേതത്വത്തിലുള്ള മന്ത്രിസഭ. അരിയും മറ്റ് അവശ്യ വസ്തുക്കളും കുറഞ്ഞ നിരക്കിൽ ലഭിക്കണമെങ്കിൽ വാക്സിനേഷൻ എടുക്കണമെന്ന നിബന്ധനയാണ് സംസ്ഥാനത്തെ മിക്ക കടക്കാരും ഇപ്പോൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. സംസ്ഥാനത്തെ ചിലയിടങ്ങളിൽ വാക്സിനെടുക്കാത്തവരെ ഹോട്ടലുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന സ്ഥിതി വരെ ഉണ്ടായിട്ടുണ്ട്. ഇതിനു പുറമെ വാക്സിൻ എടുക്കാത്തവർക്ക് പാൽ വിതരണം ചെയ്യുന്നതും നിർത്തിയതായി സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നും റിപ്പോർട്ടുകളുണ്ട്.ഒക്ടോബർ ഒന്ന് മുതൽ ഇന്നലെ വരെ മദ്ധ്യപ്രദേശിൽ വെറും 1.11 കോടി ഡോസ് വാക്സിനുകൾ മാത്രമാണ് വിതരണം ചെയ്തത്. ദിവസവും ശരാശരി 2.6 ലക്ഷം ഡോസ് വാക്സിനുകൾ മാത്രമാണ് സംസ്ഥാനത്ത് ഈ കാലയളവിൽ വിതരണം ചെയ്യുവാൻ സാധിച്ചത്. വർഷാവസാനത്തോടെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ ലഭ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ കുറഞ്ഞ പക്ഷം ദിവസേന 5.5 ലക്ഷം ഡോസ് വാക്സിൻ എങ്കിലും വിതരണം ചെയ്യേണ്ടതായുണ്ട്.