പിണങ്ങിപ്പോയ കൂട്ടുകാരിയെ തട്ടിക്കൊണ്ടുപോയി, വസ്ത്രങ്ങൾ വലിച്ചുകീറിയ ശേഷം വായിൽ ഡീസലൊഴിച്ചു; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോട്ടയം: പിണങ്ങിപ്പോയ പെൺസുഹൃത്തിനെ ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. കേസിൽ കൊല്ലാട് കടുവാക്കുളത്തെ ഓട്ടോ ഡ്രൈവറായ കടുവാക്കുളം മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം.പത്തൊൻപതുകാരിയായ പൂവന്തുരുത്ത് സ്വദേശിനിയും ജിതിനും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് അടുത്തിടെ പെൺകുട്ടി പിണങ്ങിപ്പോയി. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ ബലമായി ഓട്ടോയിൽ കയറ്റി.ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിർത്തി. തുടർന്ന് ഇയാൾ പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി, ബലമായി വായിൽ ഡീസലൊഴിച്ചു. പെൺകുട്ടി ഡീസൽ കുപ്പി തട്ടിത്തെറിപ്പിച്ച് ബഹളംവച്ചതോടെ, ശബ്ദം കേട്ട് നാട്ടുകാർ എത്തി. തുടർന്ന് പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിടുകയായിരുന്നു.