ജലനിരപ്പ് 2398.46 അടിയായി; ഇടുക്കി അണക്കെട്ട് ഇന്ന് തുറന്നേക്കും
ഇടുക്കി: ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടർ വൈകിട്ട് നാല് മണിക്ക് തുറന്നേക്കും. 2398.46 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. റൂൾകെർവ് പ്രകാരം ജലനിരപ്പ് 2399.03 അടിയിലെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. പരമാവധി സംഭരണശേഷി 2403 അടിയാണ്.ഇന്നലെ രാവിലെ ജലനിരപ്പ് 2398.03 അടിയെത്തിയപ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പും ഉയരുകയാണ്. നിലവിൽ 139.40 അടിയാണ് ഡാമിലെ ജലനിരപ്പ്. സെക്കൻഡിൽ 3967 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. സെക്കൻഡിൽ 467 ഘനയടി ജലം മാത്രമാണ് തമിഴ്നാട് ടണൽ വഴി വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്.