സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് സി.എ.ജി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ കടം വര്‍ദ്ധിച്ചതെന്നും സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 21 ശതമാനവും നിലവില്‍ ഉപയോഗിക്കുന്നത് വായ്പാ തിരിച്ചടവിന് വേണ്ടിയാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സംസ്ഥാനം സാമ്പത്തികമായി മുന്നേറുന്നതിനു വേണ്ടി നിശ്ചയിച്ച ലക്ഷ്യങ്ങള്‍ ഒന്നും തന്നെ കൈവരിച്ചില്ലെന്നും നിയമസഭയുടെ മേശപ്പുറത്തു വച്ച സി.എ.ജി റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ത്തുന്നു. കിഫ്ബി വായ്പകള്‍ ആകസ്മിക വായ്പകളാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാനാകില്ലെന്നും ഇവ ബജറ്റ് ഇതര വായ്പകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കിഫ്ബി നിയമം അനുസരിച്ച് സംസ്ഥാനത്തിന്റെ നികുതി വരുമാനങ്ങളായ മോട്ടോര്‍ വാഹന നികുതി വരുമാനം പെട്രോളിയം നികുതി വരുമാനം എന്നിവയില്‍ നിന്നുമാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് വരുന്നത്. അതു കൊണ്ട് ഇതിനെ ആകസ്മിക വായ്പകളായി കണക്കാക്കണം. കൂടാതെ കിഫ്ബിയുടെ പ്രസ്താവനകളും രേഖകളും നിയമസഭയില്‍ അവതരിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ ഈ വായ്പകള്‍ക്ക് നിയമസഭയുടെ അംഗീകാരം ഉണ്ടെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെ പരിപൂര്‍ണമായി തള്ളുകയാണ് സി.എ.ജി ചെയ്തത്.