കുട്ടികളെ ഉപയോഗിച്ചുള്ള വ്യാജ പീഡനപരാതികള്‍ മാരകമെന്ന് ഹൈക്കോടതി
കൊച്ചി : ലൈംഗികപീഡനം സംബന്ധിച്ചു രക്ഷിതാവിനെതിരേ കുട്ടികളെ ഉപയോഗിച്ച് നല്കുന്ന വ്യാജപരാതികള്‍ മാരകമെന്നു ഹൈക്കോടതി. വ്യാജപരാതിയില്‍ കുറ്റമുക്തനായാലും രക്ഷിതാവിന്റെ ജീവിതം തകരുമെന്നും കോടതി നിരീക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ വയനാട് സ്വദേശിയായ അച്ഛനെ കുറ്റമുക്തനാക്കിയാണു ഹൈക്കോടതിയുടെ പരാമര്‍ശം.
രണ്ടാനമ്മ മകളെ ഉപയോഗിച്ച് നല്കിയ വ്യാജപരാതിയിലാണു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന വാദം കോടതി അംഗീകരിച്ചു. ഏഴുവയസായ മകളെ പീഡിപ്പിച്ച കേസില്‍ കല്‍പ്പറ്റ പോക്സോ കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അച്ഛന് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വീട്ടില്‍നിന്നു പുറത്താക്കാന്‍ രണ്ടാംഭാര്യ നടത്തിയ നീക്കമാണു കേസിനിടയാക്കിയതെന്നു പ്രതി വാദിച്ചു. വൈദ്യപരിശോധനാരേഖകളില് ലൈംഗികപീഡനത്തിനു മതിയായ തെളിവില്ലെന്നു കോടതി വ്യക്തമാക്കി. ഇരയുടെയും സാക്ഷികളുടെയും മൊഴികളില്‍ വൈരുധ്യങ്ങളുണ്ട്. കുട്ടിയെ നേരിട്ടുകണ്ട വിചാരണക്കോടതി ജഡ്ജിക്കു കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്ന പ്രോസിക്യൂഷന് വാദം പ്രതിയെ ശിക്ഷിക്കാന്‍ മതിയായ തെളിവല്ലെന്നു ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രനും സി. ജയചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് വ്യക്തമാക്കി.
പ്രോസിക്യൂഷന് കേസ് സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞില്ല. സംശയത്തിന്റെ ആനുകൂല്യം പ്രതിക്കു നല്കുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റകൃത്യം അതീവഗൗരവമുള്ളതാണെന്നു പറഞ്ഞ കോടതി, വ്യാജപരാതികളില്‍ ആശങ്കയുമറിയിച്ചു. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസമുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യം നടന്ന ദിവസം ഇരയുടെയോ സാക്ഷികളുടെയോ മൊഴികളിലില്ല. കേസില്‍ ആരോപിക്കുന്നതുപോലെ പോക്സോ പ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ. സായ് പൂജ ബോധിപ്പിച്ചു.