വാക്സിനെടുക്കാത്തവർക്ക് ഇനി റേഷനുമില്ല … പെട്രോളുമില്ല
മുംബൈ : ഒരു ഡോസെങ്കിലുംകോവിഡ് പ്രതിരോധവാക്സിൻ
എടുത്തിട്ടില്ലാത്തവർക്ക് റേഷൻ കടകളിൽ നിന്ന് പലചരക്കു സാധനങ്ങൾ നൽകരുതെന്നും പെട്രോളോ പാചകവാതകമോ കൊടുക്കരുതെന്ന് മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലാഭരണകൂടത്തിന്റെ ഉത്തരവ്.
പ്രതിരോധ കുത്തിവെപ്പ്ജില്ലയിൽ പ്രതീക്ഷിച്ച രീതിയിൽ മുന്നേറുന്നില്ലന്ന് കണ്ടത്തോടെയാണ് ഈ നടപടി. കോവിഡ് വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കാണിച്ചവർക്കുമാത്രം റേഷൻ സാധനങ്ങൾ നൽകിയാൽ മതിയെന്നു കാണിച്ച് കളക്ടർ സുനിൽ ചവാനാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്.
ഗ്യാസ് ഏജൻസികൾക്കും പെട്രോൾപമ്പുകൾക്കും സമാനനിർദേശം നൽകിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന കടയുടമകൾക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കുമെന്നും ഉത്തരവിലുണ്ട്.
ഇതോടൊപ്പം ഒരുഡോസെങ്കിലും വാക്സിൻ എടുത്തിട്ടില്ലാത്തവർ അജന്ത, എല്ലോറ ഗുഹകളടക്കമുള്ള ജില്ലയിലെ ചരിത്രസ്മാരകങ്ങളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുമുണ്ട്.
ഒരു ഡോസ് വാക്സിൻപോലും എടുത്തിട്ടില്ലാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന് താനെ നഗരസഭ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പിടിച്ചുവെക്കുന്ന ശമ്പളം വാക്സിനെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷമേ നൽകൂ. ഡിസംബർ ഒന്നുമുതൽ ഒന്നാംഡോസ് വാക്സിൻ സൗജന്യമായി നൽകില്ലെന്ന് നാഗ്പുർ നഗരസഭയും അറിയിച്ചിട്ടുണ്ട്.