മുല്ലപ്പെരിയാറിലെ മരം മുറി ഉത്തരവ് : ഉന്നത ഉദ്യോഗസ്ഥർ എല്ലാം അറിഞ്ഞിരുന്നു, സർക്കാരിനെ വെട്ടിലാക്കി തെളിവുകൾ ഒന്നൊന്നായി പുറത്ത്
തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ പരിസരത്തെ മരം മുറിക്കാൻ അനുമതി നൽകി ഉത്തരവിറങ്ങിയത് ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞുതന്നെയാണെന്നതിന് കൂടുതൽ തെളിവുകൾ പുറത്തുവന്നു. മരം മുറി ഉത്തരവിറക്കിയത് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമെന്ന് വ്യക്തമാക്കി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് വനം വകുപ്പിന് നൽകിയ കത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സ്വകാര്യ ചാനലാണ് കത്ത് പുറത്തുവിട്ടത്. ജലവിഭവ വകുപ്പ് അഡിഷണൽ സെക്രട്ടറി മൂന്നു പ്രാവശ്യം യോഗം നടത്തിയെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. മരം മുറിക്കുള്ള അനുമതി വേഗത്തിലാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. മരം മുറിക്കാൻ കേന്ദ്രാനുമതി ആവശ്യമില്ലെന്നും ബെന്നിച്ചൻ തോമസ് കത്തിൽ വ്യക്തമാക്കുന്നുണ്ട്.മരംമുറി ഉത്തരവ് വിവാദമായതോടെ ഉദ്യോഗസ്ഥരുടെമേൽ പഴിചാരി സർക്കാർ തടിയൂരുകയായിരുന്നു. മരംമുറി അനുമതിക്കുള്ള ഉത്തരവ് റദ്ദാക്കിയതിനൊപ്പം ഉത്തരവിറക്കിയ ഉദ്യോഗസ്ഥന് ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് സസ്പെൻഷൻ നടപടിയെന്നാണ് ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയത്.മരംമുറിക്കാനുള്ള ഫയൽ നീക്കം അഞ്ചു മാസം മുമ്പേ തുടങ്ങിയെന്ന് വ്യക്തമാക്കുന്ന രേഖകളും പുറത്തുവന്നിരുന്നു. മേയ് 23ന് ഇതുമായി ബന്ധപ്പെട്ട ഫയല്‍ ജലവിഭവ വകുപ്പില്‍ എത്തിയിരുന്നുവെന്നാണ് സര്‍ക്കാരിന്റെ രേഖകളില്‍ വ്യക്തമാകുന്നത്. ഈ ഫയലിനെക്കുറിച്ച് വിശമായ ചർച്ചകളും നടന്നിരുന്നു.മരംമുറി അനുമതിയെക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് വകുപ്പുമന്ത്രിമാർ ആവർത്തിച്ച് പറയുമ്പോഴാണ് ഇതുസംബന്ധിച്ചുള്ള രേഖകൾ ഒന്നൊന്നായി പുറത്തുവരുന്നത്.