കോൺഗ്രസ് എം.എൽ.എയുടെ മകൻ സ്വയം വെടിയുതിർത്ത് മരിച്ചു
ഭോപാൽ: കോൺഗ്രസ് എം.എൽ.എയുടെ കൗമാരക്കാരനായ മകൻ സ്വയം വെടിയുതിർത്ത് മരിച്ചു. ജബൽപൂരിലെ സ്വന്തംവീട്ടിൽ വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. 17കാരനായ വൈഭവ് യാദവ് പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിതാവ് സഞ്ജയ് യാദവ് ബാർഗി മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ്.
വൈഭവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ശുചിമുറിയിൽ വെച്ചാണ് കുട്ടി വെടിയുതിർത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. നാലുപേജുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. അച്ചനും അമ്മയും നല്ലവരാണെന്നും തന്റെ മരണത്തിൽ മറ്റാരും ഉത്തരവാദികൾ അല്ലെന്നും വൈഭവ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. ആത്മഹത്യക്ക് തൊട്ടുമുമ്പ് തന്റെ കൂടെനിന്നതിന് സുഹൃത്തുക്കളെ നന്ദിയറിയിച്ച് സന്ദേശവും അയച്ചിരുന്നു.
വൈഭവ് വിഷാദത്തിന് അടിമയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണവിവരമറിഞ്ഞ് രാഷ്ട്രീയക്കാരും ജനങ്ങളും എം.എൽ.എയുടെ വീട്ടിലേക്ക് ഒഴുകിയെത്തി.