കാഞ്ഞങ്ങാട് നഗരസഭ ഉപതെരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം 12 മുതൽ
കാഞ്ഞങ്ങാട്: നഗരസഭയിലെ 30ാം (ഒഴിഞ്ഞവളപ്പ്) വാർഡിലേക്ക് ഡിസംബർ ഏഴിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നവംബർ 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. ജനറൽ സീറ്റാണിത്. 12 മുതൽ നാമനിർദേശ പത്രിക നൽകാം. പത്രിക നൽകാനുള്ള അവസാന തീയതി നവംബർ 19 ആണ്. സൂക്ഷ്മപരിശോധന നവംബർ 20ന് നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്.
ഡിസംബർ ഏഴിന് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. പോളിംഗ് സ്റ്റേഷൻ ജി.എഫ്.എച്ച്.എസ്.എസ് മരക്കാപ്പ് കടപ്പുറം ആണ്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് രാവിലെ 10 മുതൽ ജി.എച്ച്.എസ്.എസ് ഹോസ്ദുർഗിൽ നടക്കും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും സ്ട്രോംഗ് റൂമും ഇവിടെയാണ്.
വോട്ടർപട്ടിക ഹിയറിംഗ് നവംബർ 15, 16 തീയതികളിൽ നടത്തി 17ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അധ്യക്ഷയായി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ വി. സൂര്യനാരായണൻ, വരണാധികാരി കാഞ്ഞങ്ങാട് ഡി.ഇ.ഒ വി.വി. ഭാസ്കരൻ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കാഞ്ഞങ്ങാട് നഗരസഭാ സെക്രട്ടറി റോയ് മാത്യു, ഉപവരണാധികാരി കാഞ്ഞങ്ങാട് നഗരസഭ സൂപ്രണ്ട് സി. രമേശൻ എന്നിവർ സംസാരിച്ചു.