ന്യൂഡല്‍ഹി : ഇന്ത്യ റേപ്പ് കാപിറ്റലാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യാ നായിഡു രംഗത്ത്. സ്വന്തം രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തരുതെന്നും ഇത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു,പുണെയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുലിന്റെ പേരെടുത്തു പറയാതെയായിരുന്നു ഇത്. ഉന്നാവോയിലെയും ഹൈദരാബാദിലെയും ലൈംഗികാക്രമണങ്ങളും അതേത്തുടര്‍ന്നുണ്ടായ കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
‘ഇന്ത്യക്കു ചീത്തപ്പേര് വന്നുകൊണ്ടിരിക്കുകയാണ്. ആരോ പറഞ്ഞു ഇന്ത്യ എന്തിന്റെയോ തലസ്ഥാനമാണെന്നോ മറ്റോ. ഞാന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തെ ഒരിക്കലും അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല. അത്തരം ആക്രമണങ്ങളെ രാഷ്ട്രീയവത്കരിക്കരുത്.’- അദ്ദേഹം പറഞ്ഞു.സ്ത്രീയെ അമ്മയായും സഹോദരിയായും കാണുന്നതാണ് ഇന്ത്യയുടെ പാരമ്പര്യമെന്നും എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത് എല്ലാവര്ക്കും നാണക്കേടാണെന്നും അതൊരു വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു,‘പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതല്ല ഇതിനു പരിഹാരം. പുതിയ നിയമമോ ബില്ലോ കൊണ്ടുവരുന്നതിനു ഞാന്‍ എതിരല്ല. നിര്‍ഭയയില്‍ നമ്മള് ബില്‍ കൊണ്ടുവന്നു. എന്തു സംഭവിച്ചു? പ്രശ്നം പരിഹരിക്കപ്പെട്ടോ?’- നായിഡു ചോദിച്ചു.
ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്ത്തന്നെയായിരുന്നു രാഹുല്‍ നടത്തിയ പരാമര്‍ശവും. ‘പെണ്മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണ്.ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ എം.എല്‍.എ പോലും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിയായി. എന്നിട്ടും ഇപ്പോഴും പ്രധാനമന്ത്രി ഒരു വാക്ക് പോലും പറയുന്നില്ല. ബി.ജെ.പി സര്‍ക്കാരിനു കീഴില്‍ രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിച്ചു
രാജ്യത്തുടനീളം അക്രമങ്ങള്‍ വര്‍ധിക്കുന്നത് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അധാര്‍മികത, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ എല്ലാം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒരു പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെടുന്നതിനെക്കുറിച്ചും പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും എല്ലാ ദിവസവും നാം വായിക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കും ദളിതര്‍ക്കും എതിരായ അതിക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു.’- അദ്ദേഹം അഭിപ്രായപ്പെട്ടു.