ബോധരഹിതനായ യുവാവിനെ തോളിലേറ്റി ഓടുന്ന പൊലീസുകാരി; വൈറലായി വീഡിയോ
ചെന്നൈ: കനത്ത മഴയിൽ ബോധരഹിതനായി കിടന്ന യുവാവിനെ ഒറ്റയ്ക്ക് തോളിലേറ്റി ഓടുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ചെന്നൈയിലെ ടിപി ഛത്രം ഭാഗത്തെ സെമിത്തേരിയിലാണ് സംഭവം. വീഡിയോ കണ്ടവർക്കെല്ലാം അറിയേണ്ടത് ആ പൊലീസ് ഉദ്യോഗസ്ഥയെ കുറിച്ചാണ്. രാജേശ്വരി എന്നാണ് ആ ഉദ്യോഗസ്ഥയുടെ പേര്. ടിപി ഛത്രം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് കക്ഷി. രാജേശ്വരി, യുവാവിനെ തോളിലേറ്റി അടുത്തുള്ള ആശുപത്രിയിലേക്ക് ഓട്ടോയിൽ കയറ്റി വിടുന്നത് വീഡിയോയിൽ കാണാം. തൊട്ടടുത്ത് പുരുഷന്മാർ നിന്നിട്ടും ഒറ്റയ്ക്കാണ് അവർ യുവാവിനെ തോളിലിട്ട് ഓടിയത്. സംഭവം വൈറലായതോടെ രാജേശ്വരിയെ തേടി നാടിന്റെ പല ഭാഗങ്ങളിലും അഭിനന്ദനങ്ങളെത്തി.ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്. കനത്ത മഴയെ തുടർന്ന് ചെന്നൈയുടെ പല ഭാഗങ്ങളും പ്രളയ സമാനമാണ്. ഇതുവരെ മഴക്കെടുതിയിൽ 12 പേരാണ് മരിച്ചത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് തമിഴ്നാട്ടിൽ ശക്തമായ മഴ പെയ്യുന്നത്. അതിശക്തമായ കാറ്റ് വീശാനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചിട്ടുണ്ട്.