വിദേശരാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്കില്ല ; സമ്മതിച്ച് സര്‍ക്കാര്‍
വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്കില്ലെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. കണക്ക് ശേഖരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സി.ആര് മഹേഷിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കണക്ക് കൈവശമില്ലെന്ന മുഖ്യമന്ത്രിയുടെ തുറന്ന് പറച്ചില്.
വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടും കളക്ടര്‍മാര്‍ മുഖേനെയുമാണ് കണക്ക് എടുക്കാനുള്ള ശ്രമം. കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി മൂന്ന് പദ്ധതികള്‍ ആവിഷ്കരിച്ചു. ഒരു ലക്ഷം രൂപ ധനസഹായമായി നല്കുന്ന സാന്ത്വനം പദ്ധതിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ കോവിഡ് മൂലം മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് 50,000 രൂപ നല്‍കുന്നതാണ് മറ്റൊരു പദ്ധതി.