വർഷത്തിൽ 6000 ഇലക്ട്രിക് ഓട്ടോകൾ ഇറക്കേണ്ടയിടത്ത് 100 എണ്ണം പോലും ഇറക്കിയില്ല; കെഎഎൽ എം ഡി ഷാജഹാനെ പുറത്താക്കി സർക്കാർ
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ എം.ഡി സ്ഥാനത്ത് നിന്നും എ.ഷാജഹാനെ പുറത്താക്കി. അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവ കെഎഎല്ലിൽ നിർബാധം നടക്കുന്നതായി തെളിവുകൾ പുറത്തുവന്നതോടെയാണ് ഷാജഹാനെ പുറത്താക്കാൻ സർക്കാർ തീരുമാനിച്ചത്.പി.വി ശശീന്ദ്രനാണ് കെഎഎല്ലിന്റെ പുതിയ എം.ഡി. പൊതുമേഖലാ സ്ഥാപനങ്ങളിൽ രാജ്യത്ത് ആദ്യമായി ഇലക്ട്രിക്ക് ഓട്ടോറിക്ഷ നിർമ്മിക്കാൻ അനുമതി ലഭിച്ച സ്ഥാപനം കെ.എ.എല്ലായിരുന്നു. വർഷത്തിൽ 6000 ഓട്ടോ ഇറക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും 100 എണ്ണം പോലും മാനേജ്മെന്റിന് ഷാജഹാന്റെ കാലത്ത് പുറത്തിറക്കാനായില്ല. നീം ജി എന്ന് പേരുളള ഓട്ടോറിക്ഷകൾക്ക് രണ്ടര ലക്ഷമായിരുന്നു വില. ബാറ്ററിയിൽ ഉൾപ്പടെ പ്രശ്നങ്ങളും നേരിട്ടു.ഇതോടെ മറ്റ് കമ്പനികളുടെ ഇലക്ട്രിക് ഓട്ടോകൾ കേരളത്തിലാകെ സ്ഥാനം പിടിച്ചു.സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങുകയും സ്ഥാപനത്തിലെ പർച്ചേസുകളിലെ പ്രശ്നങ്ങളും ഒപ്പം പിൻവാതിൽ നിയമനവുമായതോടെ പ്രശ്നത്തിലെ പരാതികളിൽ സർക്കാർ നടപടിയെടുത്തു. ഓഗസ്റ്റ് മാസത്തിൽ വ്യവസായ മന്ത്രി പി.രാജീവ് കെഎഎല്ലിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ മനസിലാക്കി. തുടർന്ന് ‘റിയാബ്’ നോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ഓരോ ക്രമക്കേടും അക്കമിട്ട് നിരത്തി റിയാബ് റിപ്പോർട്ട് സമർപ്പിച്ചതോടെ എം.ഷാജഹാനെ നീക്കാൻ സർക്കാർ ഇന്ന് തിരുമാനിക്കുകയായിരുന്നു.