ജോജുവിന്റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം ലഭിച്ചു
കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. മുൻ കൊച്ചി മേയർ ടോണി ചമ്മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കാണ് കൊച്ചി സി ജെ എം കോടതി ജാമ്യം അനുവദിച്ചത്. സ്വകാര്യ മുതൽ നശിപ്പിച്ച വകുപ്പിലെ കേസനുസരിച്ച് അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കണം, ഇത് പ്രകാരം 37,500 രൂപ വീതം സെക്യൂരിറ്റിയായി ഓരോരുത്തരും കെട്ടിവയ്ക്കണം. ഇതോടൊപ്പം 50,000 രൂപ വീതമുള്ള രണ്ട് ആൾ ജാമ്യവും കോടതിയിൽ ഹാജരാക്കണം. നേതാക്കള്‍ നാളെ രാവിലെ പത്തരയോടെ ജയിലില്‍നിന്ന് ഇറങ്ങും. ഇന്നലെ ഇവരുടെ വാദം കേട്ട കോടതി വിധി പറയൽ ഇന്നത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. മൊത്തം ഏഴു പേരുള്ള കേസിൽ രണ്ടു പേർക്ക് കൂടി ജാമ്യം കിട്ടാനുണ്ട്.കാറിന്റെ അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കാൻ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിക്കാർ ജാമ്യഹർജിയിൽ വ്യക്തമാക്കിയിരുന്നു. വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾ കാറിന്റെ വിലയുടെ പകുതി കെട്ടിവയ്ക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ ആവശ്യം. ജോജു ജോർജിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്. അതേസമയം ജോജുവിനെതിരെയുള്ള പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഇന്ന് മരട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. നടൻ മദ്യപിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു മഹിളാ കോൺഗ്രസിന്റെ പരാതി. ജോജുവിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.