വീട്ടിൽ താമസിക്കാൻ സ്ഥലവും ഓടിക്കാൻ കാറും നൽകി, സഹോദരിയെ പോലെ എന്ന് പറഞ്ഞ അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയെ 31കാരൻ കൊലപ്പെടുത്തിയത് ക്രൂരമായി
ന്യൂഡൽഹി : ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറുടെ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. മുപ്പത്തിയൊന്ന് കാരനായ രാകേഷ് എന്ന യുവാവിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ബുരാരി പ്രദേശത്ത് റോഡരുകിൽ പരിഭ്രാന്തനായി ഇരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ വീരേന്ദർ കുമാറിന്റെ ഭാര്യ പിങ്കിയാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ രാകേഷിനെ പൊലീസ് അന്വേഷിക്കുകയായിരുന്നു.കൊലപാതകത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇപ്രകാരമാണ്. മുപ്പത്തിരണ്ടു കാരിയായ പിങ്കിയെ കഴുത്ത് ഞെരിഞ്ഞും, വൈദ്യുതാഘാതമേറ്റും കൊല്ലപ്പെട്ട നിലയിൽ വീട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. മൂന്ന് വർഷം മുമ്പ് പിങ്കിയുടെ ഭർത്താവ് വീരേന്ദർ കുമാറാണ് തന്റെ വീടിന് മുകൾനിലയിൽ രാകേഷിന് താമസിക്കാൻ അനുവാദം നൽകിയത്. ഇതിന് പിന്നാലെ തൊഴിൽ രഹിതനായ ഇയാൾക്ക് തന്റെ കാറും വീരേന്ദർ നൽകിയിരുന്നു. എന്നാൽ കൃത്യമായി വാടക നൽകാൻ കഴിയാതെ വന്നതോടെ പിങ്കി ഇയാളെ വീട്ടിൽ നിന്നും ഇറക്കി വിടുകയായിരുന്നു. ഇതിൽ പ്രകോപിതനായ രാകേഷ് വീരേന്ദർ ഇല്ലാത്ത സമയം നോക്കി വീട്ടിലെത്തി പിങ്കിയെ കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ പിങ്കിയെ ഒരു സഹോദരിയെ പോലെയാണ് കണ്ടിരുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പൊലീസിനോട് വെളിപ്പെടുത്തി.