ഷൂട്ടിംഗ് തടഞ്ഞാൽ കൈയും കെട്ടി നോക്കിനിൽക്കില്ല, ശക്തമായി നേരിടും ‘ കടുപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഷൂട്ടിംഗ് തടഞ്ഞുകൊണ്ടുളള യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംഘടനകളുടെ സമരത്തിനെതിരെ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസാരിക്കാനും ഇഷ്ടമുളള തൊഴിൽ ചെയ്യാനും കൂട്ടംകൂടാനുമെല്ലാം സ്വാതന്ത്ര്യമുളള നാടാണിത്. നിർഭയമായി തൊഴിൽ ചെയ്ത് ജീവിക്കുന്നതിനെ സംഘടിതമായ ആൾക്കൂട്ടം തടയുന്നതിലേക്ക് തിരിഞ്ഞാൽ സർക്കാരിന് കൈയും കെട്ടി നോക്കി നിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. എം. മുകേഷിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.മൗലികമായ സ്വാതന്ത്ര്യങ്ങൾ ഭരണഘടന അനുവദിച്ച നാടാണിത്. ആ അവകാശങ്ങളിൽ കടന്നുകയറ്റമുണ്ടായാൽ രാജ്യത്തെ ഭരണഘടനയ്ക്ക് നേരെയുളള ആക്രമണമാണത്. ചലച്ചിത്ര പ്രവർത്തകരെ ജോലിസ്ഥലത്ത് ആക്രമിക്കുന്നത് ഇത്തരം ഭരണഘടനാപരമായ കാര്യങ്ങൾ തങ്ങൾക്ക് ബാധകമല്ല എന്ന പ്രഖ്യാപനമാണ്. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുളള ഏതുവിധം കൈയേറ്റത്തെയും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി സഭയിൽ അറിയിച്ചു. പൗരസ്വാതന്ത്ര്യവും നിയമപാലനവും ജനാധിപത്യവും സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.എന്ത് ചെയ്യണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും തിട്ടൂരമിറക്കുന്ന അപരിഷ്കൃതരായ സമൂഹദ്രോഹികളുണ്ട്. സിനിമ ചിത്രീകരണം നടക്കുന്നയിടത്ത് കടന്നുകയറി അക്രമം കാട്ടുകയും നിരോധനം കൽപിക്കുകയും ചെയ്യുന്നത് ഇത്തരം ഫാസിസ്റ്റ് മനോഭാവമാണ്. ഭയമില്ലാതെയും സ്വതന്ത്രമായും തൊഴിലെടുത്ത് ജീവിക്കാനനുവദിക്കില്ലെന്ന് ഒരുശക്തിയ്ക്കും തീരുമാനിക്കാൻ അവകാശമില്ലെന്നും അത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.ഒരു നടന്റെ പേരുപറഞ്ഞ് അദ്ദേഹം അഭിനയിക്കുന്ന ചിത്രീകരണം അനുവദിക്കില്ലെന്ന അക്രോശം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല, ആസൂത്രിത തീരുമാനം അതിനുപിന്നിലുണ്ട്. ഫാസിസ്റ്റ് രീതികൾക്ക് വളക്കൂറുളള മണ്ണല്ല ഇതെന്ന് കണ്ട് ഇത്തരക്കാർ സ്വയം പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.