ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഷൂട്ടിംഗിന് അനുമതി നൽകണോ? ചിത്രീകരണത്തിന് അനുമതി നൽകാതെ തൃക്കാക്കര നഗരസഭ
കൊച്ചി : ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മീരാ ജാസ്മിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്ന സത്യൻ അന്തിക്കാടിന്റെ സിനിമയ്ക്ക് ചിത്രീകരണ അനുമതി നിഷേധിച്ച് തൃക്കാക്കര നഗരസഭ. ജയറാം, മീരാ ജാസ്മിൻ ചിത്രത്തിന്റെ ബസ് സ്റ്റാൻഡിൽ വച്ചുള്ള ഷൂട്ടിംഗിനായി തൃക്കാക്കര ബസ് സ്റ്റാൻഡ് വിട്ടുതരണമെന്ന അപേക്ഷയുമായാണ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകരായ രണ്ടു പേർ ചെയർപേഴ്സണിന്റെ ചേംബറിലെത്തിയത്. എന്നാൽ ഇവർക്കെതിരെ കോൺഗ്രസുകാരിയായ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വഴിയിലുള്ള സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന യൂത്ത് കോൺഗ്രസ് നിലപാടാണ് അനുമതി നിഷേധിച്ചതിന്റെ പിന്നിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം.ഇന്നലെ ഉച്ചയോടെയാണ് അനുമതിക്കായി ചലച്ചിത്ര പ്രവർത്തകർ എത്തിയത്. ജനങ്ങൾക്കു വേണ്ടി സമരം നടത്തിയ ഞങ്ങളുടെ നേതാക്കളെ ലോക്കപ്പിലാക്കിയിട്ട് നിങ്ങളെ പോലുള്ള സിനിമക്കാർക്ക് ഞാൻ ഷൂട്ടിംഗിന് അനുമതി നൽകണോ? എന്ന മറുപടിയോടെയാണ് ഇവരെ അജിത തങ്കപ്പൻ നേരിട്ടത്. എങ്ങനെ തോന്നി എന്നോട് ഇതു ചോദിക്കാൻ എന്നും അവർ ചോദിച്ചു. എന്നാൽ ഈ സിനിമയിൽ ജോജു അഭിനയിക്കുന്നില്ലെന്ന് പറഞ്ഞ് അനുമതി സംഘടിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ചെയർപേഴ്സൺ അയഞ്ഞില്ല. തൃക്കാക്കര കേരളത്തിൽ സിനിമ ചിത്രീകരണം ഏറെ നടക്കുന്ന സ്ഥലമാണ്, നഗര സഭ കടുംപിടിത്തം തുടർന്നാൽ അത് ഭാവയിൽ ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.