നോക്കാനേൽപ്പിച്ച കുഞ്ഞിനെ വിറ്റു, അന്വേഷണം നേരിടുന്ന അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്ത നിലയിൽ
ബംഗളൂരു: താത്ക്കാലികമായി നോക്കാൻ ഏൽപ്പിച്ച കുഞ്ഞിനെ വിറ്റ കേസിൽ അന്വേഷണം നേരിടുന്ന കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോലാറിലെ കരഞ്ജികട്ടെയിലാണ് സംഭവം. കുറച്ചുനാളത്തേയ്കക്ക് നോക്കാനേൽപ്പിച്ച തന്റെ കുഞ്ഞിനെ വിറ്റെന്നാരോപിച്ച് ഇരുപതുകാരി നൽകിയ പരാതിയിലാണ് കുടുംബം അന്വേഷണം നേരിട്ടിരുന്നത്. പുഷ്പ (33), ഭർത്താവ് ബാബു (45), അച്ഛൻ മുനിയപ്പ (70), അമ്മ നാരായണമ്മ ( 65), മകൾ ഗംഗോത്രി (17) എന്നിവരാണ് ജീവനൊടുക്കിയത്.കോലാറിൽ പഠിക്കുന്ന പാരാമെഡിക്കൽ വിദ്യാർത്ഥിനി നവജാത ശിശുവായ തന്റെ കുഞ്ഞിനെ വിറ്റുവെന്നാരോപിച്ച് പുഷ്പയ്ക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. കോലാറിലെ ഒരു യുവാവുമായുള്ള പ്രണയബന്ധത്തിൽ പിറന്ന പെൺകുഞ്ഞിനെ യുവതി പുഷ്പയെ നോക്കാനേൽപ്പിക്കുകയായിരുന്നു.ഗർഭിണിയാണെന്ന വിവരം യുവതി ബന്ധുക്കളിൽ നിന്ന് മറച്ചുവച്ചിരുന്നു. പ്രസവശേഷം അമ്മയെ വിവരമറിയിച്ചു. തുടർന്ന് അമ്മ എത്തിയപ്പോൾ അമ്മയോടൊപ്പം പോകാൻ യുവതി കുഞ്ഞിനെ പുഷ്പയെ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ തിരികെയെത്തിയ യുവതി കുഞ്ഞിനെ നൽകാൻ ആവശ്യപ്പെട്ടപ്പോൾ പുഷ്പ കുഞ്ഞിനെ വാങ്ങിയ കാര്യം നിഷേധിച്ചു. തുടർന്ന് യുവതി കോലാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പുഷ്പയെയും കുടുംബാംഗങ്ങളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്ന് സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പുഷ്പ കുഞ്ഞിനെ വാങ്ങിയതായി കണ്ടെത്തി. ഇതേ തുടർന്ന് മൂന്നുദിവസത്തിനകം കുഞ്ഞിനെ കണ്ടെത്തി തിരികെ നല്കാന് പോലീസ് നിര്‍ദേശിച്ചു. ഇതേതുടർന്നാണ് കുടുംബാംഗങ്ങള്‍ ഒന്നിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കുഞ്ഞിനെ ഇവര്‍ വില്‍പ്പന നടത്തിയതായാണ് പോലീസിന്റെ നിഗമനം. കുഞ്ഞിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.