ഷംസീറേ എടുത്ത പണം ഉടനെ തിരിച്ചു തരും, മാപ്പ് തരണം;വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ശേഷം ക്ഷമാപണ കത്തെഴുതി കള്ളൻ
എടപ്പാൾ: വീട്ടിൽ നിന്ന് പണം മോഷ്ടിച്ച ശേഷം ക്ഷമാപണ കത്തെഴുതി കള്ളൻ. മലപ്പുറം ചങ്ങരംകുളത്തിനടുത്ത് കാളച്ചാലിലാണ് സംഭവം. കാളച്ചാൽ സ്വദേശി ഷംസീറിന്റെ വീട്ടിൽ നിന്നാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 67000 രൂപ മോഷണം പോയത്. സ്വർണം പണയം വച്ച് കിട്ടിയ തുകയായിരുന്നു അത്. എന്നാൽ, അതിനേക്കാൾ ഷംസീറിനെ വേദനിപ്പിക്കുന്നത് വീടിന് പുറത്ത് എഴുതി വച്ചിരുന്ന രണ്ട് പേജ് വരുന്ന ക്ഷമാപണ കത്താണ്.’ഷംസീർ എന്നോട് ക്ഷമിക്കണം. ഞാൻ നിന്റെ വീട്ടിൽ നിന്ന് പൈസ എടുത്തിട്ടുണ്ട്. ഇപ്പോൾ എനിക്ക് വയ്യ. ഞാൻ ആരാണെന്ന് പറയുന്നില്ല. നിനക്ക് എന്നെ അറിയാം, എനിക്ക് നിന്നെയും. ഞാൻ നിന്റെ വീടിന്റെ അടുത്തുള്ള ആളാണ്. എന്റെ പേര് പറയുന്നില്ല. ഷംന കുളിക്കുമ്പോൾ വന്നതാണ്. ഉമ്മ ഉണ്ടായിരുന്നു വീട്ടിൽ. ഞാൻ ഇത് ഇവിടെ വയ്ക്കുന്നു. പൈസ ഞാൻ തിരിച്ചു തരാം. ഇവിടെ കൊണ്ടു വച്ചോളാം. കുറച്ചു സമയം തരണം. എന്റെ വീട്ടിൽ അറിഞ്ഞിട്ടില്ല. എനിക്ക് അത്രയും ആവശ്യം വന്നത് കൊണ്ടാണ്. എനിക്കിപ്പോൾ എണീറ്റ് നടക്കാൻ വയ്യ. എനിക്ക് മാപ്പ് തരണം. എന്ന്….ഇതായിരുന്നു കത്തിലെ വരികൾ.ഷംസീറിന്റെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുത്തിട്ടുണ്ട്.