ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസ്; പ്രതികളുടെ ജാമ്യഹർജിയിൽ വിധി ഇന്ന്
കൊച്ചി: നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച കേസിൽ പ്രതികളുടെ ജാമ്യഹർജിയിൽ വിധി ഇന്ന്. മുൻ കൊച്ചി മേയർ ടോണി ചമ്മണി അടക്കമുള്ള കേസിലെ ആറ് പ്രതികളാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കാറിന്റെ അറ്റകുറ്റപണിക്കുള്ള തുകയുടെ പകുതി കെട്ടിവയ്ക്കാൻ തയ്യാറാണെന്നും, ജാമ്യം അനുവദിക്കണമെന്നുമാണ് ജാമ്യഹർജിയിൽ പറയുന്നത്.വാഹനത്തിന്റെ അറ്റകുറ്റപ്പണിയ്ക്ക് ആറര ലക്ഷം രൂപ ചെലവു വരുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികൾ കാറിന്റെ വിലയുടെ പകുതി കെട്ടിവയ്ക്കണമെന്നാണ് പ്രോസിക്യൂട്ടറുടെ ആവശ്യം.ജോജു ജോർജിന്റെ ലാൻഡ് റോവർ ഡിഫൻഡർ കാറിന്റെ ചില്ലാണ് അക്രമികൾ അടിച്ചുതകർത്തത്.അതേസമയം ജോജുവിനെതിരെയുള്ള പരാതിയിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ഇന്ന് മരട് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. നടൻ മദ്യപിച്ച് അസഭ്യം പറഞ്ഞെന്നായിരുന്നു മഹിളാ കോൺഗ്രസിന്റെ പരാതി. ജോജുവിനെതിരെ കേസെടുക്കാൻ തെളിവില്ലെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.