വരുന്നു 175 പുതിയ മദ്യവില്പനശാലകൾ; ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പുതുതായി 175 മദ്യവില്പനശാലകൾ കൂടി സർക്കാർ ആരംഭിക്കുന്നുണ്ടെന്നും ബെവ്കോയുടെ ശുപാർശ എക്സൈസ് വകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ബെവ്കോ ഔട്ട്ലെറ്റുകൾക്ക് മുന്നിൽ ആൾക്കൂട്ടം സംബന്ധിച്ച് കോടതിയലക്ഷ്യ ഹർജി പരിഗണിക്കവേയാണ് മദ്യവില്പനശാലകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിനുള്ള ബെവ്കോയുടെ നടപടികളെ കുറിച്ച് അഭിഭാഷകൻ വിശദീകരിച്ചത്.വാക്ക് ഇൻ മദ്യവിൽപന ശാലകൾ തുടങ്ങണമെന്ന കോടതിയുടെ നിർദേശവും സജീവ പരിഗണനയിലാണെന്ന് അഭിഭാഷകൻ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ നിരവധി മദ്യവില്പനശാലകളിൽ വാക്ക് ഇൻ സൗകര്യമുണ്ടെങ്കിലും കേരളത്തിൽ 1.12 ലക്ഷം പേർക്ക് ഒരു മദ്യവില്പന ശാലയെന്ന കണക്കാണ് ഇപ്പോഴുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, പൊതുജനത്തിന് ശല്യമാകാത്ത തരത്തിൽ വേണം മദ്യശാലകൾ പ്രവർത്തിക്കേണ്ടതെന്നും അത്തരം പരാതികൾ ഒരുപാട് കോടതിക്ക് മുന്നിലുണ്ടെന്നും അതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.