വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു, യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയുടെ ദേഹത്ത് യുവാവ് ആസിഡ് ഒഴിച്ചു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. 23 വയസുള്ള അയൽവാസി യുവാവാണ് 26 വയസുള്ള യുവതിക്ക് മേൽ ആസിഡ് ഒഴിച്ചത്. ഡൽഹി ബാവനയിലാണ് സംഭവം.
മൊണ്ടു എന്ന യുവാവിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതിയെ വിവാഹ അഭ്യർഥന നടത്തി മോണ്ടു നിരന്തരം ശല്യം ചെയ്യുമായിരുന്നു. ശല്യം സഹിക്കാനാവാതെ യുവതിയും കുടുംബവും വീട് മാറി.
സംഭവ ദിവസം യുവതിയുടെ വീടിനടുത്തെത്തിയ മോണ്ടു യുവതിയോട് ഭർത്താവിനെ ഉപേക്ഷിച്ച് തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടു. നിരസിച്ച യുവതിയുടെ കൈകൾ പിന്നിൽ കെട്ടി ദേഹത്തേക്ക് ആസിഡ് ഒഴിച്ച് കടന്നു കളയുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബീഹാറിലെ ബക്സറിൽ നിന്നാണ് മോണ്ടുവിനെ അറസ്റ്റ് ചെയ്തത്.