ഭർത്താവ് തന്നെ കാണുന്നത് ‘കറവ പശുവായിട്ട്’; യുവതിയ്ക്ക് വിവാഹ മോചനം അനുവദിച്ച് കോടതി
ന്യൂഡൽഹി: മാനസികമായി പീഡിപ്പിക്കുന്ന ഭർത്താവിൽ നിന്ന് യുവതിയ്ക്ക് വിവാഹമോചനം അനുവദിച്ച് ഡൽഹി ഹൈക്കോടതി. ‘കറവ പശുവായിട്ടാണ്’ ഭർത്താവ് തന്നെ കാണുന്നതെന്നായിരുന്നു യുവതിയുടെ പരാതി. ഡൽഹി പൊലീസിൽ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോട് ഇയാൾക്ക് താൽപ്പര്യമുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.ജസ്റ്റിസ് വിപിൻ സംഘി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മാനസികമായി അടുപ്പമില്ലാത്ത ഭർത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിൻ സംഘി പറഞ്ഞു. ഈ കേസിൽ ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് ഭർത്താവിന് താൽപര്യമെന്നും കോടതി നിരീക്ഷിച്ചു.തന്റെ ഭർത്താവ് തൊഴിൽ രഹിതനും മദ്യപാനിയുമാണെന്നും, ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നുമാണ് യുവതി ഹർജിയിൽ പറയുന്നത്. യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം നേരത്തെ കുടുംബ കോടതി തള്ളിയിരുന്നു.അതേസമയം ഭാര്യയ്ക്ക് ജോലി കിട്ടാൻ പണം മുടക്കി പഠിപ്പിച്ചത് താൻ ആണെന്നായിരുന്നു ഭർത്താവിന്റെ വാദം.