കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്കൂട്ടറിടിച്ചു; അച്ഛനും മകനും ഗുരുതര പരിക്ക്
തിരുവനന്തപുരം: കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെ എസ് ആർ ടി സി ബസിന് പിന്നിൽ സ്കൂട്ടറിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ടി.എസ്.സി ആശുപത്രിക്ക് സമീപം 12.30ഓടു കൂടിയാണ് അപകടം നടന്നത്. അച്ഛനും അമ്മയും എട്ടു വയസ് പ്രായം വരുന്ന മകനും സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് ബസിന് പിന്നിലിടിച്ചത്.യുവതി റോഡിലേക്ക് തെറിച്ചു വീണെങ്കിലും കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ല. അച്ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. കഴക്കൂട്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റി. വെഞ്ഞാറമൂട് ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.