കഞ്ചാവ് കടത്തുന്നത് അനസ് ആണെങ്കിലും പിടിക്കപ്പെടാതിരിക്കാൻ വർഷയുടെ സാമർത്ഥ്യം യുവാക്കൾ പ്രയോജനപ്പെടുത്തി
കൊച്ചി: ഇരുപത്തിരണ്ടുകാരിയെ മറയാക്കി ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തിയിരുന്ന മൂന്നംഗസംഘം എറണാകുളം റൂറൽ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശംഖുംമുഖം പുതുവൽപുത്തൻ വീട്ടിൽ വർഷ (22), പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരയ്ക്കൽവീട്ടിൽ അനസ് അഷറഫ് (41), പെരുമ്പാവൂർ വല്ലം പടിപ്പുരയ്ക്കൽവീട്ടിൽ ഫൈസൽ വഹാബ് (35) എന്നിവരാണ് അറസ്റ്റിലായത്.ഇവരുടെ നീക്കം ദിവസങ്ങളോളം നിരീക്ഷിച്ചിരുന്ന പൊലീസ് ഇന്നലെ രാവിലെ ഏഴോടെ അങ്കമാലി കറുകുറ്റിയിൽ കാർ തടഞ്ഞുനിറുത്തിയാണ് അറസ്റ്റുചെയ്തത്. ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 225 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നിരവധി ലഹരിക്കേസുകളിൽ പ്രതിയായ അനസാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ ആസൂത്രകൻ. ഇയാളുടെ സഹായിയാണ് ഫൈസൽ. വർഷ ഫൈസലിന്റെ സുഹൃത്താണ്. കഞ്ചാവ് പെരുമ്പാവൂരിലെത്തിച്ച് ചെറുകിട വില്പനയായിരുന്നു ലക്ഷ്യം. പ്രതികൾ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മൂവരെയും റിമാൻഡ് ചെയ്തു.ആന്ധ്രയിൽനിന്ന് 2000- 3000 രൂപ നിരക്കിൽ വാങ്ങി ജില്ലയിലെത്തിച്ച് പത്തിരട്ടി വിലയ്ക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. നർക്കോട്ടിക്ക് സെല്ലിന്റെ നോട്ടപ്പുള്ളിയായ അനസിന്റെ ഫോൺ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാൾ അടിക്കടി നമ്പർ മാറ്റിയിരുന്നത് പൊലീസിനെ വലച്ചിരുന്നു. കഴിഞ്ഞദിവസം മൂന്നംഗസംഘം ആന്ധ്രയിൽനിന്ന് തിരിച്ചതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് റൂറൽ ജില്ലാ മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ഇവരെ പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്തിന് രണ്ട് കാറുകളാണ് ഉപയോഗിച്ചിരുന്നത്. മുന്നിലെ വാഹനത്തിൽ വർഷയും ഫൈസലും. ഇവരെ പിന്തുടർന്ന് കഞ്ചാവുമായി അനസും. പൊലീസ് പരിശോധനയുണ്ടെങ്കിൽ വിവരം അനസിനെ അറിയിക്കും. മറ്റൊരു വഴിയിലൂടെ കഞ്ചാവുമായി രക്ഷപെടും. രണ്ട് വാഹനവും ഒരേസമയം പിടികൂടിയാണ് കഞ്ചാവ് കടത്ത് സംഘത്തിന്റെ നീക്കം പൊളിച്ചത്.ഒരു വർഷത്തിനുള്ളിൽ 300 കിലോയിലധികം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽനിന്ന് റൂറൽ പൊലീസ് പിടികൂടിയത്. നാർകോട്ടിക്സ് സെൽ ഡിവൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി, എസ്.എച്ച്.ഒമാരായ സോണി മത്തായി, കെ.ജെ. പീറ്റർ, പി.എം. ബൈജു എന്നിവരടങ്ങിയ പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.