ടവൽ കൊടുക്കാൻ വൈകി; ഭാര്യയെ അമ്പതുകാരൻ അടിച്ചുകൊന്നു
ഭോപ്പാൽ: കുളി കഴിഞ്ഞ് ടവൽ കിട്ടാൻ വൈകിയതിന്റെ പേരിൽ ഭാര്യയെ അമ്പതുകാരൻ അടിച്ചു കൊന്നു. മദ്ധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലെ ഹിരാപൂരിലാണ് ദാരുണമായ സംഭവം നടന്നത്. വനംവകുപ്പിൽ ദിവസവേതനക്കാരനായി ജോലി ചെയ്യുന്നയാളാണ് രാജ്കുമാർ ബഹെ. ശനിയാഴ്ച ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഇയാൾ കുളിമുറിയിൽ നിന്ന് ഭാര്യയെ വിളിച്ച് ടവൽ ആവശ്യപ്പെടുകയായിരുന്നു.അടുക്കളയിൽ പാത്രം കഴുകിക്കൊണ്ടിരുന്ന ഭാര്യ കുറച്ചുസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, രോഷാകുലനായ പ്രതി, ഭാര്യ പുഷ്പഭായിയെ (45) മൺവെട്ടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തടയാനെത്തിയ 23 കാരിയായ മകളെ ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. .