മാർക്സിസം അജയ്യമാണ് അത് ശാസ്ത്രവും സത്യവുമാണ് ഇ ചന്ദ്രശേഖരൻ
കാഞ്ഞങ്ങാട്: മാർക്സിസം അജയ്യമാണെന്നും അത് ശാസ്ത്രവും സത്യവുമാണെന്നും സി പി ഐ ദേശീയ കൗൺസിലംഗം ഇ ചന്ദ്രശേഖരൻ എം എൽ എ പറഞ്ഞു. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിൻ്റെ നൂറ്റിയഞ്ചാം വാർഷികാഘോഷം രാവണീശ്വരം മാക്കി അച്യുതമേനോൻ സ്മാരകത്തിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോവിയറ്റ് യൂണിയൻ തകർന്നിട്ടും, നൂറ്റാണ്ടിലേറെ കഴിഞ്ഞിട്ടും ലോകമെമ്പാടുമുള്ള സമാന്യ ജനതയെ റഷ്യൻ വിപ്ലവം പ്രചോദിപ്പിക്കുന്നു. വരും കാലങ്ങളിലും ജനം വിപ്ലവകാരികളേയും നീതിക്കുവേണ്ടി പോരാടുന്നവരേയും പ്രചോദിപ്പിച്ചു കൊണ്ടേയിരിക്കും. ഫാസിസത്തിനെതിരെ കോടികണക്കായ മനുഷ്യരുടെ ഏറ്റവും വലിയ പ്രധിരോധം തീർത്തും സോവിയറ്റ് യൂണിയനിൽ രൂപം കൊണ്ടേ ഈ പ്രസ്ഥാനമാണ്. ഇന്ത്യയടക്കമുള്ള സ്വതന്ത്ര രാജ്യങ്ങൾക്ക് മുന്നോട്ട് പോകാൻ സോവിയറ്റ് സംവിധാനം കൊണ്ട് സാധിച്ചു.
ലോക ചരിത്രത്തിൽ എക്കാലത്തും ഇത് സ്മരിക്കപ്പെടും.മുതലാളിത്ത വ്യവസ്ഥിതിക്കെതിരെയുള്ള ശാശ്വത പരിഹാരം മാക്സിസമാണെന്നും അത് അജയ്യമാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി പി ഐ ജില്ലാ എക്സികുട്ടീവ് അംഗം കെ.വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി .പി ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എ ദാമോദരൻ, കരുണാകരൻ കുന്നത്ത്, രാമകൃഷ്ണൻ പാണന്തോട്, ഗംഗാധരൻ പള്ളിക്കാപ്പിൽ എന്നിവർ സംസാരിച്ചു. എ തമ്പാൻ സ്വാഗതം പറഞ്ഞു.